ദുബായില്‍ ഖലീഫാസാറ്റ് ഒരുങ്ങുന്നു

ദുബായ് :ഖലീഫാ സാറ്റിലൂടെ ലോകത്തെ വിസ്മയിപ്പിക്കുവാന്‍ ദുബായ് ഒരുങ്ങുന്നു. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പൈസ് സെന്ററിലാണ് ഖലീഫാ സാറ്റ് എന്ന സാറ്റ്‌ലെറ്റിന്റെ നിര്‍മ്മാണ പ്രകിയകള്‍ പുരോഗമിക്കുന്നത്.

പൂര്‍ണ്ണമായും ദുബായിലെ യുവ ശാസ്ത്രജ്ഞന്‍മാര്‍ ചേര്‍ന്ന് തദ്ദേശ്ശിയമായി നിര്‍മ്മിക്കുന്ന ആദ്യ സാറ്റ്‌ലൈറ്റാണ് ഖലീഫാസാറ്റ്. വനിതാ യുവശാസ്ത്രജ്ഞന്‍മാരുടെ പ്രാതിനിധ്യവും എടുത്ത് പറയേണ്ട ഒന്നാണ്. ഈ വര്‍ഷം അവസാനത്തോടെ സാറ്റ്‌ലൈറ്റ് വിക്ഷേപിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.

യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും സ്‌പെസ് സെന്ററിലെത്തി സാറ്റ്‌ലൈറ്റിന്റെ നിര്‍മ്മാണ പുരോഗതികള്‍ വിലയിരുത്തി.ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്ന യുവശാസ്ത്രജ്ഞന്‍മാരോടൊപ്പം കുറച്ച് നേരം കുശലം പങ്കുവെയ്ക്കാനും അദ്ദേഹം സമയം കണ്ടെത്തി. യുഎഇയുടെ ബഹിരാകാശ ചരിത്രത്തിലെ ഒരു നാഴികക്കല്ലാകും ഖലീഫാ സാറ്റിന്റെ വിക്ഷേപണം.

ജപ്പാനില്‍ വെച്ചാണ് ഇതിന്റെ വിക്ഷേപണം നടക്കുക. വിക്ഷേപണത്തിന് ശേഷം ഭുമിയുടെ ഭ്രമണപഥത്തിന്റെ 613 കിമി ദൂരത്തില്‍ എത്തുന്നതോട് കൂടി സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങും.

അത്യാധുനിക 0.7 എം ജിഎസ്ഡിയുള്ള പാന്‍ക്രൊമാറ്റിക് ദൃശ്യങ്ങളാണ് ഈ സാറ്റ്‌ലൈറ്റിലൂടെ ശേഖരിക്കപ്പെടുക. ബഹിരാകാശത്തിലെ കുടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ഇതിലൂടെ ശേഖരിക്കപ്പെടുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

ഇത് മാനവരാശിക്ക് തന്നെ മുതല്‍ക്കൂട്ടാകുന്ന ഒട്ടേറ പരീക്ഷണങ്ങള്‍ക്ക് സഹായകമാകുമെന്നും കണക്കാക്കപ്പെടുന്നു.

2013 ലാണ് ഖലീഫാ സാറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബായില്‍ തുടക്കം കുറിക്കുന്നത്. ഇതിന് മുന്‍പും ദുബായ് സാറ്റ്-1 , ദുബായ് സാറ്റ്-2 എന്നീ രണ്ട് സാറ്റ്‌ലൈറ്റുകള്‍ ദുബായ് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അവ പൂര്‍ണ്ണമായും തദ്ദേശ്ശിയമായിരുന്നില്ല. വിദേശ ശാസ്ത്രജ്ഞന്‍മാരുടെ പങ്കാളിത്തവും അവയില്‍ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here