നിപ്പയെ വരുതിയിലാക്കി ആരോഗ്യ പ്രവര്‍ത്തകര്‍

കോഴിക്കോട് :അരോഗ്യ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനത്തിന് ഫലം കണ്ടു തുടങ്ങി. കഴിഞ്ഞ ഒരു മാസമായി കോഴിക്കോടും സമീപ ജില്ലകളിലെ ജനങ്ങളെയും ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസിനെ വരുതിയിലാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാധിച്ചുവെന്നാണ് ഒടുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെ നിപ്പാ വൈറസ് ബാധിച്ചിരുന്ന രണ്ട് പേരെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടു വരാന്‍ സാധിച്ചുവെന്നതും ഏറെ പ്രശംസനീയമാണ്.

കോഴിക്കോട്ടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയേയും ഒരു മലപ്പുറം വെങ്ങാനൂര്‍ സ്വദേശിയേയുമാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ അരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാധിച്ചത്. ഈ സംഭവങ്ങള്‍ നിപ്പാ വൈറസിനെ പ്രതിരോധിക്കാനാവുമെന്ന കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.

രോഗം ഭേദമായ രണ്ടു പേരെയും വെന്റിലേറ്ററില്‍ നിന്നും പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു ഇവര്‍ രണ്ടു പേരും ചികിത്സയിലുള്ളത്. ആദ്യ ഘട്ടത്തില്‍ മരിച്ച സാബിത്ത്, സാലിഹ്, മറിയം, മൂസ എന്നീ നാലു പേരുമായി ഇടപഴകിയവരിലാണ് രണ്ടാം ഘട്ടത്തില്‍ രോഗം കാണപ്പെട്ടത്. 14 പേര്‍ക്കാണ് ഇവരില്‍ നിന്നും രോഗം പിടിപ്പെട്ടത്.

എന്നാല്‍ ഈ 14 പേരില്‍ നിന്നും പുതുതായി ആര്‍ക്കും രോഗം പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗ വ്യാപനത്തിന്റെ തീവ്രത കുറഞ്ഞത് ഏവരിലും ശുഭാപ്തി വിശ്വാസം നിറയ്ക്കുന്നു . 2000 ത്തിലധികം പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. നിപ്പാ വൈറസ് പ്രതിരോധത്തിന് മൂന്നാം ഘട്ടം വേണ്ടി വരില്ലെന്നാണ് നിലവില്‍ കണക്ക് കൂട്ടപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here