പ്രതിയെ തിയേറ്ററിലേക്ക് വരുത്തിയത് കുഞ്ഞിന്റെ അമ്മ

മലപ്പുറം :എടപ്പാളില്‍ തിയേറ്ററില്‍ പത്തു വയസ്സുകാരി പീഡനത്തിരയായ സംഭവത്തില്‍ നിര്‍ണ്ണായക മൊഴികളുമായി പെണ്‍കുട്ടി. തിയേറ്ററില്‍ സിനിമ കാണാന്‍ ഒന്നാം പ്രതിയായ മൊയ്തീന്‍ കുട്ടിയെ വിളിച്ച് വരുത്തിയത് തന്റെ അമ്മയാണെന്ന് പെണ്‍കുട്ടി ശുശുക്ഷേമ സമിതിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.

സിനിമ കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അങ്കിള്‍ ഉപദ്രവിക്കാന്‍ തുടങ്ങി, വേദനിച്ച് കൈ തട്ടിമാറ്റാന്‍ ശ്രമിച്ചപ്പോഴെല്ലാം ഇയാള്‍ ബലം പ്രയോഗിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കി.  ആ സമയം താന്‍ പീഡിപ്പിക്കപ്പെടുകയാണെന്ന കാര്യം പോലും പെണ്‍കുട്ടി അറിഞ്ഞിരുന്നില്ലെന്ന് ശിശുക്ഷേമ സമിതി അധികൃതര്‍ വ്യക്തമാക്കി.

ഈ കാര്യം ആരോടും പുറത്ത് പറയരുതെന്ന്‌ തിയേറ്ററില്‍ നിന്നും പുറത്തിറങ്ങിയ നേരം അമ്മ പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു. തിയേറ്ററില്‍ വെച്ചാണ് മൊയ്തീന്‍ കുട്ടിയെ കാണുന്നതെന്നും തങ്ങള്‍ ഒരുമിച്ചല്ല വന്നതെന്നും നേരത്തെ പെണ്‍കുട്ടിയുടെ അമ്മ പൊലീസിനോട് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു.

ഈ വാദങ്ങളാണ് പെണ്‍കുട്ടിയുടെ ഈ മൊഴിയോടെ പൊളിയുന്നത്. പീഡനത്തിനിരയാക്കിയ അങ്കിള്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്നും ഫോണ്‍ വിളിക്കാറുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ 18 നായിരുന്നു അമ്മയ്‌ക്കൊപ്പം തിയേറ്ററിലെത്തിയ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തിയേറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചു.

ഏപ്രില്‍ 26നാണ് സിസിടിവി ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈനിന് കൈമാറിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ദൃശ്യങ്ങള്‍ സഹിതം ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തില്ല.ഇതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.


ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് ചങ്ങരംകുളം പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയ പീഡിപ്പിച്ചയാള്‍ ബെന്‍സ് കാറിലാണ് തീയേറ്ററില്‍ വന്നതെന്ന് സിസിടിവിയില്‍ വ്യക്തമായിരുന്നു.തുടര്‍ന്ന് ഈ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃത്താല സ്വദേശിയായ മൊയ്തീന്‍കുട്ടിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here