എടപ്പാൾ പീഡനം: തിയേറ്റര്‍ ഉടമ അറസ്റ്റില്‍

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ പത്ത് വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ ഗോവിന്ദ തിയേറ്ററിന്റെ ഉടമ സതീശനെയാണ് അറസ്റ്റ് ചെയ്തത്. പീഡനവിവരം പൊലീസിനെ അറിയിക്കാന്‍ വൈകിയതിനാണ് നടപടി എന്നാണ് വിശദീകരണം. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും പൊലീസ് ആരോപിക്കുന്നു.

കേസില്‍ പ്രതിയായ ദുബായിയിലെ ജ്വല്ലറി ഉടമയായ തൃത്താല സ്വദേശി കണ്ണംകുന്നത്ത് മൊയ്തീന്‍ കുട്ടിയേയും പീഡനത്തിന് ഒത്താശ ചെയ്ത, കുട്ടിയുടെ മാതാവിനേയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ 18നാണ് സംഭവം നടന്നത്. തന്റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിയെയും മകളെയും കൊണ്ട് ആഡംബര കാറില്‍ തിയേറ്ററിലെത്തിയ മൊയ്തീന്‍ കുട്ടി പത്ത് വയസ്സുകാരിയെ പീഡിപ്പിക്കുകയായിരുന്നു.

അടുത്ത സീറ്റിലിരുന്ന് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇരുവശങ്ങളിലായി ഇരുന്നിരുന്ന മാതാവിനെയും മകളെയും ഒരേ സമയം ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചു. സിസിടിവി ദൃശ്യം തിയേറ്റര്‍ ജീവനക്കാര്‍ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തിയേറ്റര്‍ അധികൃതര്‍ ഈ ദൃശ്യം ചൈല്‍ഡ് ലൈനിന്റെയും ചാനലിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

ഏപ്രില്‍ 26 ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരം അറിയിച്ചെങ്കിലും കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് വീഡിയോ അടക്കം സ്വകാര്യ ചാനല്‍ പുറത്ത് വിട്ട്, വാര്‍ത്ത വിവാദമായ സാഹചര്യത്തിലാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. തുടര്‍ന്ന് സംഭവത്തില്‍ പ്രതിയായ മൊയ്തീന്‍കുട്ടിയെയും കുട്ടിയുടെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here