ഇന്ത്യന്‍ പ്രവാസിയെ അന്യായമായി സഹായിച്ച ദുബായ് സ്വദേശിക്ക് തിരിച്ചടി

അബുദാബി :ഇന്ത്യന്‍ പൗരനെ അന്യായമായി അതിര്‍ത്തി കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ മദ്ധ്യവയസ്‌കനായ എമിറേറ്റ്‌സ് പൗരന്റെ കുറ്റം കോടതി ശരിവെച്ചു. ഇന്ത്യന്‍ പൗരനെ അതിര്‍ത്തി കടത്താനായി പൊലീസ് ഓഫീസര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ഇയാള്‍ പിടിയിലായത്. കേസില്‍ വാദം കേട്ട് കോടതി 50 വയസ്സുകാരനായ ഇയാള്‍ കുറ്റക്കാരനാണെന്ന് പ്രഥമ ദൃഷ്ട്യാ ശരി വെച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21 നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. സാമ്പത്തിക ഇടപാടുകളില്‍ വന്ന നഷ്ടം കാരണം ഇന്ത്യന്‍ പൗരന് ദുബായില്‍ അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചിരുന്നു. ഇയാളെ ഒമാന്‍ അതിര്‍ത്തി വഴി പുറത്തേക്ക് കടത്തുവാനായിരുന്നു ദുബായ് പൗരന്റെ ശ്രമം. ഇതിനായി അദ്ദേഹം ഒരു പൊലീസുകാരനെ ബന്ധപ്പെട്ട് പണം വാഗ്ദാനം ചെയ്തു.

15,00 ദര്‍ഹമായിരുന്നു ഇന്ത്യന്‍ സ്വദേശിയെ അതിര്‍ത്തി കടത്താനായി ഇയാള്‍ ഓഫര്‍ ചെയ്തത്. എന്നാല്‍ ഈ പൊലീസ് ഓഫീസര്‍ തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനോട് തനിക്ക് ഇത്തരത്തില്‍ ഓഫര്‍ ലഭിച്ചിട്ടുണ്ടെന്ന കാര്യം അറിയിച്ചു. പണം സ്വീകരിക്കാന്‍ തയ്യാറാണെന്ന പോലെ സംസാരിച്ച് ഇവരെ രണ്ടു പേരെയും കുടുക്കാമെന്ന് പൊലീസ് സംഘം പദ്ധതിയിട്ടു.

തുടര്‍ന്ന് മാര്‍ച്ച് 23 ാം തീയ്യതി രാജ്യത്തിന് പുറത്തേക്ക് കടക്കാന്‍ വന്ന ഇന്ത്യന്‍ പൗരനേയും സുഹൃത്തായ ദുബായ് സ്വദേശിയേയും പൊലീസ് അതിര്‍ത്തിയില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇവരെ ഇവിടേക്ക് കാറില്‍ എത്തിച്ച ഒരു ഇന്ത്യന്‍ പൗരനെ കൂടി പൊലീസ് സംഭവ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഹട്ടാ പൊലീസ് സ്റ്റേഷനിലെ ക്രിമിനല്‍ അന്വേഷണ വിഭാഗത്തിന്റെ കൂടെ സഹകരണത്തിലായിരുന്നു അറസ്റ്റ്. കേസില്‍ ഇവരുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here