എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ബംഗളൂരു : ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ബംഗളൂരു ദയാനന്ദ് സാഗര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥിനി മേഘനയാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ചയായിരുന്നു ദാരുണസംഭവം.

രാജരാജേശ്വരി നഗറിലെ തന്റെ അപാര്‍ട്‌മെന്റിലെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. സഹപാഠികളുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

സഹവിദ്യാര്‍ത്ഥികള്‍ മേഘനയൈ ആക്ഷേപിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം രാവിലെ 8.30 ഓടെ വിദ്യാര്‍ത്ഥിനി കോളജിലേക്ക് പോയിരുന്നു. എന്നാല്‍ അല്‍പ്പം കഴിഞ്ഞ് തിരിച്ചെത്തി.

രക്ഷിതാക്കള്‍ ജോലിക്കായി പോയതിനാല്‍ ഈ സമയം വീട്ടില്‍ ആരുമില്ലായിരുന്നു. തുടര്‍ന്ന് മുറിയടച്ച് ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. വൈകീട്ട് മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കാണുന്നത്.

അതേ സമയം ഒരു വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ കാണാതായ സംഭവത്തില്‍ സഹവിദ്യാര്‍ത്ഥികള്‍ മേഘനയെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മേഘനയോട് സംസാരിക്കുന്നത് അവസാനിപ്പിച്ചു. നോട്ടുകള്‍ കൈമാറാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്തു. പിന്നാലെ ക്ലാസിലെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് വിദ്യാര്‍ത്ഥിയെ നീക്കി.

അതിനിടെ ക്ലാസ് റപ്രസന്റേറ്റീവ് ആയി മത്സരിക്കുക കൂടി ചെയ്തതോടെ വിദ്യാര്‍ത്ഥികള്‍ മേഘനയെ ചേരിതിരിഞ്ഞ് കൂടുതല്‍ ഒറ്റപ്പെടുത്തകയും ചെയ്തു. ഈ സംഭവങ്ങളെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി രക്ഷിതാക്കള്‍ അധ്യാപകരെ കണ്ട് വിവരം ധരിപ്പിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തി ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മേഘനയെ ക്രൂശിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആത്മഹത്യയെന്ന് പിതാവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ആ സംഭവത്തെ തുടര്‍ന്ന് കുട്ടി കടുത്ത വിഷാദത്തിന് അടിമപ്പെടുകയും ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയുമായിരുന്നു. സംഭവത്തില്‍ ആര്‍ ആര്‍ നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here