സന്യാസിയെ പെപ്പര്‍ സ്‌പ്രേ കൊണ്ട് നേരിട്ട് പെണ്‍കുട്ടി

കൊച്ചി: എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ആക്രമിച്ച സന്യാസ വേഷധാരിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് അമ്പലവയല്‍ സ്വദേശി ഭാഗ്യാനന്ദസരസ്വതി എന്ന പേരാണ് പ്രതി പോലീസിനോട് പറഞ്ഞിരിക്കുന്നത്.

വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം. യാത്രക്കാര്‍ പലരും ഇതു വനിത കംപാര്‍ട്ടുമെന്റാണ് എന്നു പറഞ്ഞു എങ്കിലും ഇയാള്‍ ഇറങ്ങി പോകാന്‍ കൂട്ടാക്കിയില്ല. കൂടാതെ സ്ത്രീകളുടെ സമീപത്തിരുന്നു മോശമായ ഭാഷയില്‍ സംസാരിക്കാനും തുടങ്ങി. ഇതോടെ പലരും അവിടെ നിന്ന് എഴുന്നേറ്റു പോയി.

ഇയാളുടെ പ്രവൃത്തിയെ ചോദ്യം ചെയ്ത എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയുടെ കൈയില്‍ കടന്നു പിടിച്ചു വായടക്കടി പെണ്ണേ എന്നു പറഞ്ഞു. കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ കൈപിടിച്ചു പിരിച്ചു. പ്രതിയുടെ പിടിയില്‍ നിന്നു രക്ഷപെടാന്‍ പെണ്‍കുട്ടിക്കായില്ല.

ഒടുവില്‍ കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് സ്വയം സുരക്ഷയ്ക്കു വേണ്ടി ക്ലാസ് നടത്തിയപ്പോള്‍ വിതരണം ചെയ്ത കുരുമുളക് സ്‌പ്രേ സന്യാസ വേഷധാരിയുടെ മുഖത്തടിക്കുകയായിരുന്നു. മുഖം കഴുകി തിരിച്ചു വന്ന ഇയാള്‍ വിദ്യാര്‍ത്ഥിനി തന്റെ മുഖത്ത് മയക്കു മരുന്ന് അടിച്ചു എന്ന് പറഞ്ഞു ബഹളമുണ്ടാക്കി. ആളുകള്‍ ഓടി കൂടിയതോടെ പലരും പെണ്‍കുട്ടിയുടെ ചിത്രമെടുക്കാന്‍ തുടങ്ങി.

ഇതോടെ കംപാര്‍ട്ടുമെന്റിലെ മറ്റു യാത്രക്കാര്‍ സംഭവിച്ച കാര്യങ്ങള്‍ പോലീസിനോടു വിവരിക്കുകയായിരുന്നു. ട്രെയിന്‍ അങ്കമാലിയില്‍ എത്തിയപ്പോള്‍ പ്രതി കടന്നു കളയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അറസ്റ്റു ചെയ്തു. എത്ര ചോദിച്ചിട്ടും പൂര്‍വാശ്രമത്തിലെ പേരും വിലാസവും വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here