പാമ്പ് വിദഗ്ധന്‍ ദംശനമേറ്റ് മരിച്ചു

ബെന്തോങ് : പ്രശസ്ത പാമ്പ് വിദഗ്ധന്‍ അബു സാരിന്‍ ഹുസിന്‍ സര്‍പ്പത്തിന്റെ കടിയേറ്റ് മരിച്ചു. ഉഗ്രവിഷമുള്ള പാമ്പുകളെപോലും അതിസാഹസികമായി പിടികൂടി ത്രസിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങള്‍ നടത്തിയാണ് മലേഷ്യക്കാരനായ അബു ശ്രദ്ധേയനായത്.

കഴിഞ്ഞ ദിവസം ബെന്തോങ്ങില്‍ പാമ്പുപിടുത്തതിനിടെ അതീവ വിഷമുള്ള ഇനത്തിന്റെ കടിയേറ്റാണ് ഇദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഉഗ്രവിഷമുള്ള പാമ്പുകളെ ഉമ്മവെച്ച് പലകുറി കയ്യടി നേടിയിട്ടുണ്ട് ഈ വിദഗ്ധന്‍.

33 കാരനായിരുന്ന അബു ടെമര്‍ലോഹ് ഫയര്‍ ആന്റ് റസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാമ്പുകളെ ഏതു തരത്തിലാണ് വരുതിയിലാക്കേണ്ടതെന്ന വിഷയത്തില്‍ പരിശീലകനായാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്.

മുന്‍പ് നിരവധി തവണ ഇദ്ദേഹത്തിന് സര്‍പ്പദംശനമേറ്റിട്ടുണ്ട്. 2015 ല്‍ പാമ്പിന്റെ കടിയേറ്റ് രണ്ട് ദിവസം കോമ അവസ്ഥയിലായിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പാമ്പ് പിടുത്തത്തില്‍ നിന്നോ അവയെ ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനങ്ങളില്‍ നിന്നോ അദ്ദേഹത്തെ പിന്‍തിരിപ്പിച്ചിരുന്നില്ല.

ഗവേഷണങ്ങള്‍ക്കായി ഇദ്ദേഹം നാല് രാജവെമ്പാലകളെ വളര്‍ത്തി വന്നിരുന്നു. തന്റെ കാമുകിയോട് മുഖസാമ്യമുണ്ടെന്ന് അവകാശപ്പെട്ട് അദ്ദേഹം 10 അടി നീളമുള്ള രാജവെമ്പാലയെ വിവാഹം കഴിച്ചിട്ടുമുണ്ട്.

പാമ്പുകളോടുള്ള അഭിനിവേശം പിതാവില്‍ നിന്ന് ലഭിച്ചതാണെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമൊക്കെ ഭയമായിരുന്നെങ്കിലും പിതാവിനൊപ്പം പ്രവര്‍ത്തിച്ച് പരിശീലിച്ചതാണ് പാമ്പു പിടുത്തവും അവയോടൊത്തുള്ള അഭ്യാസപ്രകടനങ്ങളും.

LEAVE A REPLY

Please enter your comment!
Please enter your name here