വിവാഹത്തട്ടിപ്പ് വീരനായ വ്യാജ ഡോക്ടര്‍ പിടിയില്‍

ഡല്‍ഹി :ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി വിവാഹത്തട്ടിപ്പ് നടത്തിയ വ്യക്തിയുടെ കള്ളം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പൊളിഞ്ഞു. ന്യൂഡല്‍ഹിയിലെ മോത്തി നഗറിലുള്ള ഒരു ദന്ത ഡോക്ടറെയാണ് ഇയാള്‍ ഈ വിധം കബളിപ്പിച്ച് വിവാഹം കഴിച്ചത്. മനീഷ് കൗള്‍ എന്ന വ്യക്തിയാണ് ഈ വിധം ഭാര്യയെ കബളിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് പിടിയിലായത്.

47 വയസ്സുകാരനായ ഇദ്ദേഹം വയസ്സു കുറച്ചു കാണിക്കാനായി തലയില്‍ മുടി വെച്ചു പിടിപ്പിക്കുക കൂടി ചെയ്തായിരുന്നു ഇദ്ദേഹത്തിന്റെ കബളിപ്പിക്കല്‍. മൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടിയില്‍ യുവതിയില്‍ നിന്നും 70 ലക്ഷം രൂപയും ഇദ്ദേഹം തട്ടിയെടുത്തു. ഇവര്‍ക്ക് ഒരു മകനുമുണ്ട്. 2015 മെയ് മാസത്തില്‍ ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെയായിരുന്ന് ഇയാളെ യുവതി പരിചയപ്പെടുത്തുന്നത്.

വിദേശ സര്‍വകലാശാലയില്‍ നിന്നും പഠിച്ചിറങ്ങിയ 25 വയസ്സുകാരനായ യുവ ഡോക്ടര്‍ എന്നാണ് ഇയാള്‍ പ്രൊഫൈലില്‍ എഴുതിയിരുന്നത്. ആദ്യമായി വീട്ടില്‍ വന്നപ്പോഴും ആഡംബര വാഹനത്തിലായിരുന്നു ഇയാളും പിതാവും എത്തിയത്. അച്ഛന്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണെന്നാണ് ഇവര്‍ പെണ്‍ വീട്ടുകാരോട് പറഞ്ഞത്. 20 ലക്ഷം രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടു. വിവാഹം കഴിഞ്ഞതിന് ശേഷം പല തവണ യുവതിയില്‍ നിന്നും ഇയാള്‍ ഭീഷണിപ്പെടുത്തി പണം വാങ്ങി.

മനീഷിന്റെ പിതാവും യുവതിയെ പല തവണ ലൈംഗീകമായി ഉപയോഗിക്കാന്‍ ശ്രമിച്ചതായും പരാതികളുണ്ട്. മനീഷിന് പല ബാങ്കുകളിലും ലക്ഷക്കണക്കിന് രൂപ കടം ഉണ്ടായിരുന്നു. കൂടാതെ ഇയാള്‍ക്ക് യാതോരു വിധ ജോലിയും ഉണ്ടായിരുന്നില്ല. യുവതി തന്റെ എല്ലാ സത്യങ്ങളും അറിഞ്ഞെന്ന് മനസ്സിലാക്കിയ മനീഷ് ഡോക്ടറെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. ഇതിനെ തുടര്‍ന്ന് യുവതിയുടെ ക്ലീനിക്കില്‍ തോക്കുമായെത്തി.

എന്നാല്‍ ഈ നീക്കം മനസ്സിലാക്കിയ യുവതിയുടെ ഏതാനും സഹപ്രവര്‍ത്തകര്‍ ഇയാളെ അനുനയിപ്പിക്കാന്‍ എന്ന വണ്ണം തന്ത്രപൂര്‍വം സംസാരിക്കുവാന്‍ തുടങ്ങി. ഇതിനിടയില്‍ പൊലീസിനേയും ഇവര്‍ വിവരമറിയിച്ചു. പൊലീസെത്തിയത് അറിഞ്ഞ് മനീഷ് ആശുപത്രി പരിസരത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു. സംഭവത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഒടുവില്‍ യുവാവിനെ പൊലീസ് പിടികൂടി.

LEAVE A REPLY

Please enter your comment!
Please enter your name here