57കാരന്റെ സാഹസിക പ്രകടനം: കണക്ഷന്‍ ഫ്‌ളൈറ്റ് മിസ്സാകാതിരിക്കാന്‍ വിമാനത്തിന്റെ ചിറകിലൂടെ ഊര്‍ന്നിറങ്ങി പുറത്തേക്ക്

ഇംഗ്ലണ്ട്: കണക്ഷന്‍ ഫ്‌ളൈറ്റ് മിസ്സാകാതിരിക്കാന്‍ ലാന്‍ഡ് ചെയ്ത ഉടന്‍ എമര്‍ജന്‍സി ഡോര്‍ തുറന്ന് വിമാനത്തിന്റെ ചിറകിലൂടെ ഊര്‍ന്നിറങ്ങി പോളണ്ടുകാരന്‍. മലാഗ എയര്‍പോര്‍ട്ടില്‍ തിങ്കളാഴ്ചയാണ് സംഭവം. 57കാരനായ വിക്ടര്‍ ആണ് ഈ സാഹസികപ്രടനം നടത്തിയത്. ലണ്ടന്‍ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ നിന്നും റിയാന്‍ എയര്‍ വിമാനത്തിലാണ് വിക്ടര്‍ മലാഗയിലെത്തിയത്. ഫ്‌ളൈറ്റ് എഫ്ആര്‍ 8164 ന്റെ ചിറക് വഴിയായിരുന്നു ഇയാള്‍ അതിസാഹസികമായി ഊര്‍ന്നിറങ്ങിയത്. ഒരു മണിക്കൂര്‍ വൈകിയാണ് വിമാനം ലാന്‍ഡ് ചെയ്തത്. പുറത്തിറങ്ങണമെങ്കില്‍ മറ്റൊരു 30 മിനുട്ട്‌ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് വിക്ടര്‍ ഈ സാഹസം കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇയാള്‍ക്ക് ആസ്തമയുടെ ഉപദ്രവമുണ്ടായിരുന്നുവെന്നും അതിനാലാണ് അയാള്‍ നിലത്തിറങ്ങാന്‍ വെപ്രാളപ്പെട്ടതെന്നും സഹയാത്രികന്‍ പറയുന്നു. ആസ്ത്മ കാരണം ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നതിനാല്‍ അത്യാവശ്യമായി ഓക്‌സിജന്‍ വേണ്ടതിനാലാണ് തിരക്കിട്ട് പുറത്തിറങ്ങിയതെന്നും ഇയാളുടെ ആവശ്യങ്ങള്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡുമാര്‍ ചെവിക്കൊടുത്തില്ലെന്നും സഹയാത്രികനായ രാജ് മിസ്ട്രി വെളിപ്പെടുത്തുന്നു. വൈകിപ്പറക്കാന്‍ തുടങ്ങിയത് മുതല്‍ അസ്വസ്ഥനായിരുന്ന വിക്ടര്‍ തന്റെ എയര്‍ ബാഗും എടുത്തിട്ടായിരുന്നു ചിറക് വഴി ഊര്‍ന്നിറങ്ങിയത്. എന്നാല്‍ താഴെയിറങ്ങിയ വിക്ടറിനെ ഗ്രൗണ്ട് സ്റ്റാഫുകള്‍ നിര്‍ബന്ധിപ്പിച്ച് വിമാനത്തില്‍ വീണ്ടും കയറ്റുകയാണുണ്ടായത്. അതേസമയം എയര്‍പോര്‍ട്ട് സുരക്ഷ ലംഘിച്ച വിക്ടറിനെതിരെ നടപടിയെടുക്കുമെന്നാണ് റിയാന്‍ എയര്‍ അധികൃതരുടെ പ്രതികരണം.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here