യാത്രാവിലക്കില്‍ ദുഖമെന്ന്‌ കഫീല്‍ ഖാന്‍

കോഴിക്കോട് : നിപാ ബാധയുടെ പശ്ചാത്തലത്തില്‍ രോഗീപരിചരണത്തിനായി കേരളത്തിലേക്ക് വരുന്നത് വിലക്കിയതില്‍ കടുത്ത ദുഖമുണ്ടെന്ന് ഡോ. കഫീല്‍ ഖാന്‍. സംസ്ഥാനത്തേക്കുള്ള യാത്ര തല്‍ക്കാലം മാറ്റിവെയ്ക്കണമെന്ന് സര്‍ക്കാര്‍ കഫീല്‍ ഖാനോട് നിര്‍ദേശിക്കുകയായിരുന്നു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്‌തെങ്കിലും അവസാന നിമിഷമാണ് യാത്ര മാറ്റിവെയ്ക്കാന്‍ പറഞ്ഞത്. രണ്ട് വിമാന ടിക്കറ്റുകള്‍ കഫീല്‍ ഖാന് സര്‍ക്കാര്‍ അയച്ചുകൊടുത്തിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ച് ഇപ്പോള്‍ വരേണ്ടെന്ന് കഫീലിനെ അറിയിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധര്‍ എത്തുന്നുണ്ടെന്നും തല്‍ക്കാലം യാത്ര മാറ്റിവെയ്ക്കണമെന്നുമായിരുന്നു അറിയിപ്പ്.

എന്നാല്‍ അവസാന നിമിഷം ഇത്തരത്തില്‍ യാത്രാനുമതി നിഷേധിച്ചതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. കഫീല്‍ ഖാന്‍ എത്തുന്നത് ബിജെപി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലടക്കം രാഷ്ട്രീയ ആയുധമാക്കുമോയെന്ന ഭയത്താലാണ് നപടിയെന്ന് സൂചനയുണ്ട്.

കഫീല്‍ ഖാനെ സര്‍ക്കാര്‍ രാഷ്ട്രീയ ഉപകരണമാക്കുകയാണെന്ന് ബിജെപി നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ അറിയിപ്പില്‍ കടുത്ത ദുഖമുണ്ടെന്ന് കഫീല്‍ ഖാന്‍ പ്രതികരിച്ചു. സന്ദര്‍ശനം വിലക്കുന്നതില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടായോ എന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ലെന്നും കഫീല്‍ വ്യക്തമാക്കി.

നിപാ ബാധയെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ തന്റേതായ സഹായം നിര്‍വഹിക്കാനാണ് കേരളത്തിലേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. റംസാന്‍ നോമ്പുകാലത്ത് ആളുകള്‍ കഷ്ടപ്പെടുന്നത് തനിക്ക് കടുത്ത വിഷമമുണ്ടാക്കിയിരുന്നു.

താന്‍ കേരളത്തിലേക്ക് വരുന്നതിനെ അമ്മ ശക്തമായി എതിര്‍ത്തതാണ്. ‘ഒന്‍പത് മാസത്തിന് ശേഷമാണ് എനിക്ക് നിന്നെ തിരികെ കിട്ടിയത്. എന്നിട്ട് നീ എന്നെ ഉപേക്ഷിച്ച് പോവുകയാണോ ‘എന്നാണ് അമ്മ ചോദിച്ചത്.

എന്നാല്‍ ഏറെ സമയത്തിന് ശേഷം അമ്മ അനുവാദം തന്നു. രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ പോകുന്നതിനാലാണ് സമ്മതം നല്‍കിയത്. എന്നാല്‍ യാത്ര രണ്ടുമൂന്നുദിവസം നീട്ടിവെയ്ക്കണമെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. അതിനാല്‍ റിസര്‍വ്വേഷന്‍ റദ്ദാക്കുകയാണെന്നും കഫീല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here