ബജറ്റ് ; ഉദ്യോഗസ്ഥര്‍ സുരക്ഷാ കൂട്ടില്‍

ഡല്‍ഹി :രാജ്യത്തിന്റെ അടുത്ത ഒരു വര്‍ഷത്തെ സാമ്പത്തിക മാര്‍ഗ രേഖയാണ് ബജറ്റ്. അതിനാല്‍ ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ബജറ്റിലെ വിവരങ്ങള്‍ ചോരുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്.

അതിനാല്‍ തന്നെ അതീവ സുരക്ഷയോടെയാണ് ബജറ്റ് രേഖകളുടെ രൂപീകരണ പ്രക്രിയ. ഭരണസിരാ കേന്ദ്രമായ നോര്‍ത്ത് ബ്ലോക്കിന്റെ അടിത്തട്ടിലെ ഒരു രഹസ്യ അറയില്‍ ധനകാര്യ മന്ത്രാലയത്തിലെ നൂറോളം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നത്. ബജറ്റ് അവതരണത്തിന് പത്ത് ദിവസം മുന്‍പ് ഇവിടെ വെച്ച് ഹല്‍വ തയ്യാറാക്കി കൊണ്ടാണ് ഈ പ്രക്രിയ ആരംഭിക്കുക. ശേഷം ധനമന്ത്രി ഓരോ
ഉദ്യോഗസ്ഥനും ഈ ഹല്‍വ വിതരണം ചെയ്യും.ഇതിന് ശേഷം ബജറ്റ് തയ്യാറാക്കുവാനുള്ള തിരക്കിട്ട ജോലികള്‍ ആരംഭിക്കുകയായി. ഈ കാലയളവില്‍ ഉദ്യോഗസ്ഥര്‍ പത്ത് ദിവസവും സ്വന്തം വീട്ടില്‍ പോലും പോകാതെ ഈ മുറികള്‍ക്കുള്ളില്‍ തന്നെ കഴിയണം. മൊബൈല്‍ ഫോണ്‍ കൈവശം വെയ്ക്കാന്‍ പാടില്ല.

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വീട്ടിലേക്ക് വിളിക്കാന്‍ ഒരു പൊതു ഫോണ്‍ മുറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാലും ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തില്‍ മാത്രമേ കോള്‍ വിളിക്കാന്‍ പാടുള്ളു. ഉദ്യോഗസ്ഥര്‍ ബ്ലൂ ഷീറ്റുകളിലാണ് ബജറ്റിന്റെ ഡ്രാഫ്റ്റ് രേഖകള്‍ തയ്യാറാക്കുക. ഈ രേഖകള്‍ ധനമന്ത്രിക്ക് പോലും സൂക്ഷിച്ച് വെയ്ക്കുവാനുള്ള അധികാരമില്ല.ഈ ബ്ലൂ ഷീറ്റിന്റെ പൂര്‍ണ്ണ സംരക്ഷണ ചുമതല ബജറ്റ് ജോയിന്റെ സെക്രട്ടറിക്കാണ്. ഒരാഴ്ച മുന്‍പേ ഈ ബ്ലൂ ഷീറ്റുകള്‍ തയ്യാറാക്കപ്പെടും. ഇതിന് ശേഷമാണ് ആവശ്യമുള്ള ഭേദഗതികള്‍ വരുത്തുക. ഇവര്‍ക്കൊപ്പം നിയമ മന്ത്രാലയത്തിലേയും കസ്റ്റംസ്, ടാക്‌സ് വിഭാഗങ്ങളിലേയും ഏതാനും ചില ഉദ്യോഗസ്ഥരും ഈ സംഘത്തില്‍ ഉണ്ടാകും.

1950 വരെ രാഷ്ട്രപതി ഭവനില്‍ വെച്ചാണ് ബജറ്റ് രേഖകള്‍ പ്രിന്റ് ചെയ്തിരുന്നത്. എന്നാല്‍ ചില സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവ പിന്നീട് മിന്റോ റോഡിലെ സര്‍ക്കാര്‍ പ്രസ്സിലേക്ക് മാറ്റി.

ബജറ്റിന് മുന്‍പുള്ള ദിവസങ്ങളില്‍ ധനമന്ത്രിയുടെ ഓഫീസും അതീവ നിരീക്ഷണ വലയത്തിലാകും. ഈ പത്ത് ദിവസം തൊട്ട് ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് വരെ ധനമന്ത്രിയുടെ ഫോണ്‍ കോളുകളും സുരക്ഷാ സേനയുടെ നിരീക്ഷണ വലയത്തിലായിരിക്കും.

നികുതി ഇളവുകള്‍ക്കായി ആരും ധനമന്ത്രിയില്‍ സ്വാധീനം ചെലുത്താതിരിക്കാന്‍ വേണ്ടിയാണ് ഇത്ര കനത്ത സുരക്ഷാ സംവിധാനങ്ങള്‍. ബ്രിട്ടീഷുകാരാണ് അവരുടെ ഭരണ കാലം തൊട്ട് ഇത്ര കടുത്ത സുരക്ഷാ സംവിധാനങ്ങള്‍ ബജറ്റ് കാലയളവില്‍ ഭാരതത്തില്‍ നടപ്പില്‍ വരുത്തിയത്. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷവും ഇന്ത്യ ഈ രീതികള്‍ തുടര്‍ന്ന് പോരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here