യാത്രക്കാരന്‍ എയര്‍ലൈന്‍ ജീവനക്കാരിയെ ബന്ദിയാക്കി

ബീജിംങ് :എയര്‍ലൈന്‍സ് ജീവനക്കാരിയെ യാത്രക്കാരന്‍ ബന്ദിയാക്കിയതിനെ തുടര്‍ന്ന് വിമാനം വഴി തിരിച്ച് വിട്ടു. ചൈനയിലെ ഹ്വനാന്‍ പ്രവിശ്യയില്‍ നിന്നും ബീജിംങിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ചൈനയുടെ വിമാനത്തില്‍ വെച്ചായിരുന്നു ഈ അപ്രതീക്ഷിതമായ സംഭവം അരങ്ങേറിയത്.

രാവിലെ 8.40 ഓട് കൂടിയാണ് വിമാനം ഹ്വനാന്‍ പ്രവിശ്യയിലെ ചങ്ഷാ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. 11 മണിയോടെയാണ് ഇത് ബീജിംങില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. ഇതിനിടെയാണ് യാത്ര മധ്യേ ഒരു യാത്രക്കാരന്‍ എയര്‍ലൈന്‍ ജീവനക്കാരിയെ കടന്നു പിടിച്ച് ബന്ദിയാക്കിയത്.

ഒരു പേന യുവതിയുടെ കഴുത്തിന് നേര്‍ക്ക് ചൂണ്ടിയതിന് ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. 41 വയസ്സുള്ള ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി സംശയിക്കപ്പെടുന്നു. ഇയാളുടെ പ്രവൃത്തി കണ്ട് മറ്റ് യാത്രക്കാരും പരിഭ്രാന്തരായി. തുടര്‍ന്ന് വിമാനം വഴി തിരിച്ച് വിട്ട് 10 മണിയോടെ ഷെങ്‌ഷോ വിമാനത്താവളത്തില്‍ ഇറക്കി.

ഇവിടെ വെച്ച് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ചൈന അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here