ഭക്ഷണ പൊതികളുമായെത്തുന്ന പ്രവാസി മലയാളി

അബുദാബി :പരസ്പര സ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശവുമായാണ് ഓരോ റമ്ദാന്‍ കാലവും നമുക്ക് മുന്നിലെത്തുന്നത്. അതേസമയം തന്നെ വര്‍ഷത്തില്‍ എല്ലാ മാസവും പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കി സമൂഹ സേവനത്തില്‍ പുതിയ മാതൃകകള്‍ തീര്‍ക്കുകയാണ് സത്യപാലന്‍ എന്ന മലയാളി പ്രവാസിയും അദ്ദേഹത്തിന്റെ പിറകിലുള്ള സത്യസായി ഓര്‍ഗനൈസേഷനും.

27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുഎഇയില്‍ പ്രവാസ ജീവിതമാരംഭിച്ച സത്യപാലന്‍ ഈ കാരുണ്യ പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയിട്ട് 20 വര്‍ഷത്തോളമായി. സത്യപാലന്റെയും സത്യസായി ഓര്‍ഗനൈസേഷന്റെയും പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി സര്‍ക്കാരിന്റെ ബഹുമതി പത്രവും യുഎഇ സഹിഷ്ണുതാ മന്ത്രി ഷൈക്ക് നഹ്യാന്‍ ബിന്‍ നഹ്യാന്‍ അല്‍ മുബാറകില്‍ നിന്നും ഇദ്ദേഹം സ്വന്തമാക്കി.

മാസത്തിന്റെ അവസാനത്തെ ആഴ്ചകളിലാണ് ഇവര്‍ തൊഴിലാളികളിലേക്ക് നേരിട്ടെത്തി ഭക്ഷണം വിതരണം ചെയ്യുന്നത്. ഓരോ മാസവും 1400 മുതല്‍ 1800 ഭക്ഷണ പൊതികള്‍ വരെ ഇവര്‍ ഇത്തരത്തില്‍ വിതരണം ചെയ്യുന്നു. അങ്ങനെ നോക്കുകയാണെങ്കില്‍ ഒരു വര്‍ഷം 20000 മുതല്‍ 24000 വരെ ഭക്ഷണ പൊതികള്‍. 250 ഓളം കുടുംബങ്ങളാണ് സത്യസായി ഓര്‍ഗനൈസേഷന്റെ ഭാഗമായി ഈ സല്‍ക്കര്‍മ്മത്തില്‍ പങ്കാളികളാകുന്നത്.

വീടുകളില്‍ നിന്നു തന്നെ പാചകം ചെയ്യുന്ന ഭക്ഷണമാണ് പൊതികളിലാക്കി ലേബര്‍ ക്യാംപുകളിലെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് എത്തിച്ചു നല്‍കുന്നത്. ചിലര്‍ അമിതമായി ഭക്ഷണം ഉണ്ടാക്കി ഒടുക്കം അത് പാഴാക്കി കളയുന്നതില്‍ സത്യപാലന് എതിരഭിപ്രായമുണ്ട്. ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം ഉണ്ടാക്കുകയാണെങ്കില്‍ അത് ചുറ്റുപാടുള്ള പാവപ്പെട്ടവരുമായി പങ്കു വെക്കാന്‍ തയ്യാറാകുന്നതാണ് യഥാര്‍ത്ഥ സല്‍ക്കര്‍മ്മമെന്നും അദ്ദേഹം പറയുന്നു.

നോമ്പു കാലത്ത് ഭക്ഷണം പാഴാക്കി കളയുന്ന പ്രവണത കുറയ്ക്കുവാനായി ദുബായ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ സ്വാഗതാര്‍ഹമാണെന്നും സത്യപാലന്‍ പറയുന്നു. ഈ വരുന്ന വേനല്‍ക്കാലത്ത് കൊടും ചൂടില്‍ ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികള്‍ക്ക് സൗജന്യമായി തണുത്ത വെള്ളം എത്തിച്ചു കൊടുക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങളിലാണ് സത്യസായി ഓര്‍ഗനൈസേഷന്‍ ഇപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here