നാലുനില കെട്ടിടത്തിന് തീപിടിച്ച് അച്ഛനും അമ്മയും രണ്ട് കുട്ടികളും മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് നില കെട്ടിടത്തില്‍ തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. അച്ഛനും അമ്മയും എട്ട് വയസുള്ള മകനും മൂന്ന് വയസുള്ള മകളുമാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ഡല്‍ഹി കൊഹട്ട് എന്‍ക്ലേവിലെ നാല് നില കെട്ടിടത്തിലാണ് അഗ്‌നി ബാധയുണ്ടായത്. പരിക്കേറ്റവരെ അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടത്തിന്റെ പമ്പിംഗ് സ്റ്റേഷനില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്. പാര്‍ക്കിംഗ് ഏരിയയിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും അവര്‍ എത്താന്‍ താമസിച്ചതായി അയല്‍വാസികള്‍ പറയുന്നു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അതേസമയം ഡല്‍ഹിയിലെ ഇന്ദിരാപുരത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിനും തീപിടിച്ചു. വാഹനം പൂര്‍ണമായി കത്തിയെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here