ആമസോണിനെ കബളിപ്പിച്ചവര്‍ പിടിയില്‍

ബംഗലൂരു :എസ്എസ്എല്‍സി പോലും പാസാകാത്ത യുവാക്കള്‍ ആമസോണ്‍ കമ്പനിയെ കബളിപ്പിച്ച് നേടിയത് ഒരു കോടി 30 ലക്ഷം രൂപ. കര്‍ണ്ണാടകയിലെ ചിക്കമംഗലൂരു സ്വദേശികളായ ദര്‍ശന്‍, പുനീത്, സച്ചിന്‍ ഷെട്ടി, അനില്‍ എന്നീ യുവാക്കളാണ് ആമസോണിനെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായത്.

ചിക്കമംഗലൂരുവില്‍ ഒരു സ്വകാര്യ കൊറിയര്‍ സര്‍വ്വീസ് നടത്തുന്ന ഇവര്‍ അതിവിദഗ്ദമായാണ് ഓണ്‍ലൈന്‍ ഭീമന്‍മാരെ കബളിപ്പിച്ചത്. ആമസോണ്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ ഇടപാടുകാരില്‍ എത്തിക്കുമ്പോഴാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. വസ്തു ഇടപാടുകാര്‍ക്ക് നല്‍കി പണം കൈപറ്റുന്നു.

ഇതിന് ശേഷം ഇവര്‍ തന്നെ ആമസോണ്‍ കമ്പനിയില്‍ നിന്നെന്ന വ്യാജേന ഇടപാടുകാരന്റെ നമ്പറുകളിലേക്ക് പണം ലഭിച്ചതായി കാണിച്ച്
വ്യാജ സന്ദേശങ്ങള്‍ അയക്കുന്നു. സ്വീപ്പിങ് മെഷീന്‍ വഴി പണം സ്വീകരിക്കുമ്പോഴും
ഇവരുടെ സ്വകാര്യ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കപ്പെടുക.

കൂടാതെ കമ്പനിയെ തെറ്റിദ്ധരിപ്പിക്കാനായി ഇവര്‍ പല വ്യാജ അക്കൗണ്ടുകള്‍ വഴിയും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും പിന്നീട് ക്യാന്‍സല്‍ ചെയ്യുകയും ചെയ്തു. ഈ ഭാഗത്ത് നിന്നും വ്യാപകമായി പണം ചോര്‍ന്ന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ബംഗലൂരുവിലെ ആമസോണ്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്നാണ് ഇവരുടെ തട്ടിപ്പ് പുറത്ത് വരുന്നത്. ആറംഗ സംഘത്തിലെ നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ട് പേര്‍ ഒളിവിലാണ്. അറസ്റ്റിലായവരുടെ കയ്യില്‍ നിന്നും ആറ് ലക്ഷത്തി നാല്‍പ്പതിനായിരം രൂപ, രണ്ട് പള്‍സര്‍ ബൈക്ക്, ഒരു ബുള്ളറ്റ്, 21 മൊബൈല്‍ ഫോണ്‍, 2 ലാപ് ടോപ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. ബാക്കി പണത്തിനായുള്ള ചോദ്യം ചെയ്യല്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here