വെളിപ്പെടുത്തലുമായി അല്‍ വലീദ് ബിന്‍ തലാല്‍

റിയാദ് : അഴിമതി വിരുദ്ധ സമതിയുടെ തടവില്‍ നിന്ന് മോചിതനായത് എങ്ങനെയെന്ന് വെളിപ്പെടുത്തി സൗദി രാജകുമാരന്‍ അല്‍ വലീദ് ബിന്‍ തലാല്‍. ലോകസമ്പന്നരില്‍ 57 ാമനാണ് ഈ സൗദി രാജകുടുംബാംഗം. 11 രാജകുടുംബാംഗങ്ങളടക്കം 200 ലേറെ പ്രമുഖരെയാണ് അഴിമതി വിരുദ്ധ സമിതി തടവിലാക്കിയത്.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് സമിതിയുടെ പ്രവര്‍ത്തനം. അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്സ് കാള്‍ട്ടനിലാണ് കസ്റ്റഡിയില്‍ വെച്ചത്.

അഴിമതിയിലൂടെ രാജ്യത്തിന് നഷ്ടമായ 100 ബില്യണ്‍ ഡോളര്‍ ഇവരില്‍ നിന്ന് തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടായിരുന്നു നടപടി.നിരവധി പ്രമുഖര്‍ ഇതിനകം വന്‍ തുക പിഴയായി കെട്ടിവെച്ച് മോചിതരായി. എന്നാല്‍ അല്‍ വലീദ് ബിന്‍ തലാലിന്റെ മോചനം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.

സൗദിയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ കിങ്ഡം ഹോള്‍ഡിങ്‌സിന്റെ ചെയര്‍മാനാണ് ഇദ്ദേഹം. ഈ കമ്പനിയുടെ ഓഹരികള്‍ സര്‍ക്കാരിന് കൈമാറിയാണ് മോചനമെന്നായിരുന്നു റിപ്പോര്‍ട്ട്. സ്വതന്ത്രനായത് സംബന്ധിച്ച് അല്‍ വലീദിന്റെ വിശദീകരണം ഇങ്ങനെ.

സര്‍ക്കാരുമായുണ്ടാക്കിയ ചില കരാറുകളുടെ അടിസ്ഥാനത്തിലാണ് മോചനം. അത് രഹസ്യകരാറാണ്. വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സാധ്യമല്ല. വാര്‍ത്തകളില്‍ പരാമര്‍ശിക്കുംപോലെ കിങ്ഡം ഹോള്‍ഡിംഗ്‌സിന്റെ ഓഹരികള്‍ കൈമാറിയിട്ടില്ല. 95 ശതമാനം ഓഹരികളും തന്റെ പക്കലുണ്ട്.

എന്നാല്‍ സര്‍ക്കാരുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ താന്‍ തീരുമാനിച്ചിട്ടുണ്ട്. സൗദിക്ക് പരമാധികാര സാമ്പത്തിക ഫണ്ടുണ്ട്. ഈ ഫണ്ടില്‍ താന്‍ പരമാവധി നിക്ഷേപങ്ങള്‍ നടത്തും. മാത്രമല്ല നിരവധി ആഭ്യന്തര പദ്ധതികളിലും നിക്ഷേപം നടത്താന്‍ തീരുമാനിച്ചിട്ടുമുണ്ട്.

ചെങ്കടല്‍ തീരത്ത് സൗദി വന്‍ നഗര പദ്ധതി നടപ്പാക്കുന്നുണ്ട്. റിയാദില്‍ വിനോദ ജില്ലയും ഒരുക്കുന്നുണ്ട്. ഈ രണ്ട് പദ്ധതികളിലും തന്റെ നിക്ഷേപ പങ്കാളിത്തമുണ്ടാകും. നിയോമില്‍ പദ്ധതിയിലും വന്‍തുക നിക്ഷേപിക്കും.

കിങ്ഡം ഹോള്‍ഡിങ് വിഭജിച്ച് ഒരു ഭാഗം ആഭ്യന്തര പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ പര്യാപ്തമാക്കി മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. സല്‍മാന്‍ രാജാവുമായോ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായോ യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here