യുവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

ഗാസിയാബാദ് : കുടുംബാംഗങ്ങള്‍ക്കും അയല്‍ക്കാര്‍ക്കുമൊപ്പം ഹോളി ആഘോഷിച്ച് പിരിഞ്ഞ ദമ്പതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗാസിയാബാദിലാണ് നടുക്കുന്ന സംഭവം. നീരജ് സിംഖാനിയ ഭാര്യ രുചി എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

 

38 കാരനായ നീരജ് മെട്രിക്‌സ് സെല്ലുലാര്‍ സര്‍വീസസില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരാണ്. 35 കാരിയായ രുചി നോയ്ഡയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഐടി കമ്പനിയിലെ ജീവനക്കാരിയുമാണ്. ഇവര്‍ക്ക് 5 വയസ്സുകാരിയായ മകളുണ്ട്. ഇന്ദിരാപുരത്തെ ഫ്‌ളാറ്റിലെ കുളിമുറിയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കാണപ്പെട്ടത്.

ഇരുവരും നഗ്നരായ നിലയിലായിരുന്നു. മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്ന് രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളികയുടെ കവര്‍ കണ്ടെടുത്തിട്ടുണ്ട്. പക്ഷേ മരണ കാരണം സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. ഇരുവരുടെയും ആന്തരാവയവങ്ങള്‍ ആഗ്രയില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി പൊലീസ് വ്യക്തമാക്കി.

ആത്മഹത്യയാകാനാണ് സാധ്യതയെന്ന വിലയിരുത്തലിലാണ് അന്വഷണ ഉദ്യോഗസ്ഥര്‍. നീരജിന്റെ മാതാപിതാക്കളും ഇളയ സഹോദരനും സഹോദരിയും ഈ സമയം ഫ്‌ളാറ്റിലുണ്ടായിരുന്നു. ഹോളി ആഘോഷത്തോടൊപ്പം മാതാപിതാക്കളുടെ വിവാഹ വാര്‍ഷികച്ചടങ്ങിലും പങ്കുകൊള്ളാനാണ് എല്ലാവരും ഒത്തുചേര്‍ന്നത്.

ഇവരുടെ ഫ്‌ളാറ്റിന് മുകളില്‍ കുടുംബക്കാര്‍ക്കും അയല്‍ക്കാര്‍ക്കുമൊപ്പമായിരുന്നു വെള്ളിയാഴ്ചത്തെ ആഘോഷങ്ങള്‍. തുടര്‍ന്ന് വൈകീട്ട് 6 മണിയോടെയാണ് തിരിച്ച് റൂമിലെത്തിയത്. 9.30 ആയിട്ടും ഇരുവരും മുറിയില്‍ നിന്ന് പുറത്തുവന്നില്ല.

ആവര്‍ത്തിച്ച് വിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടര്‍ന്ന് നീരജിന്റെ സഹോദരന്‍ ബാത്‌റൂം ജനലിലൂടെ പരിശോധിക്കുകയായിരുന്നു. രുചി ബാത്‌റൂമിന്റെ നിലത്ത് കിടക്കുന്നതായി കാണപ്പെട്ടു. ദുരൂഹത മണത്തോടെ കുടുംബാംഗങ്ങള്‍ വാതില്‍ തകര്‍ത്ത് മുറിയില്‍ പ്രവേശിച്ച ശേഷം ബാത്‌റൂം വാതില്‍ ബലമായി തുറന്നു.

അപ്പോഴാണ് ഇരുവരും മരിച്ച നിലയില്‍ പൂര്‍ണ്ണനഗ്നരായി കാണപ്പെട്ടത്. ഉടന്‍
ആംബുലന്‍സ് വിളിച്ച് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരുവരുടെയും ശരീരത്തില്‍ മര്‍ദ്ദനത്തിന്റെയോ മുറിവേറ്റതിന്റേയോ പാടുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here