പൊലീസ് കുട്ടിയെ സ്വന്തം വീട്ടില്‍ നിന്നും രക്ഷിച്ചു

ദുബായ് :മാതാപിതാക്കളാല്‍ ഗാര്‍ഹിക പീഡനത്തിനിരയായ ഒന്‍പത് വയസ്സുകാരിയെ പൊലീസ്  രക്ഷപ്പെടുത്തി. മാതാപിതാക്കളുടെ പീഡനത്തില്‍ സഹികെട്ട പെണ്‍കുട്ടി ഒടുവില്‍ ക്ലാസ്സ് ടീച്ചറോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് ഞെട്ടിപ്പിക്കുന്ന ഈ ക്രൂരത പുറം ലോകമറിഞ്ഞത്.

കടുത്ത പീഡനങ്ങളെ തുടര്‍ന്ന് കുട്ടിയുടെ മാനസിക നിലയിലും ഗുരുതരമായ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. അധ്യാപിക ഉടന്‍ തന്നെ ഈ കാര്യം പൊലീസില്‍ അറിയിച്ചു. പൊലീസെത്തി കുട്ടിയെ മാതാപിതാക്കളില്‍ നിന്നും മോചിപ്പിച്ച് വനിതാ ശിശു പരിപാലന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ഏഷ്യന്‍ സ്വദേശികളായ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ദമ്പതികള്‍ ഇരുവരും ദുബായില്‍ ജോലി ചെയ്യുന്നവരാണ്. ഒമ്പത് വയസ്സായ കുട്ടിയെ കൊണ്ടാണ് ഇവര്‍ വീട്ടുജോലികള്‍ ചെയ്യിപ്പിച്ചിരുന്നത്. വീട് തുടച്ച് വൃത്തിയാക്കലും ഭക്ഷണം പാകം ചെയ്യലുമടക്കം വീട്ടിനുള്ളിലെ എല്ലാ ജോലികളും ചെയ്തിരുന്നത് ഈ കുട്ടിയായിരുന്നു.

പലപ്പോഴും ജോലികള്‍ ചെയ്യാന്‍ മടി കാണിക്കുമ്പോള്‍ ഇവര്‍ കുട്ടിയെ മര്‍ദ്ദിച്ചിരുന്നതായും വീട്ടിനകത്തെ സിസിടിവിയില്‍ നിന്നും ശേഖരിച്ച ദൃശ്യങ്ങളില്‍ നിന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. യുവതി കൂടുതല്‍ സമയവും ഓഫീസിലായിരിക്കും. എന്നാല്‍ വീട്ടില്‍ ഘടിപ്പിച്ച ക്യാമറകള്‍ വഴി കുട്ടി എപ്പോഴും ഇവരുടെ നിരീക്ഷണ വലയത്തിലായിരിക്കും.

വീട്ടിലെത്തിയതിന് ശേഷം യുവതി കുട്ടിയെ ജോലികള്‍ ചെയ്ത് തീര്‍ക്കാത്ത കാരണം പറഞ്ഞ് സ്ഥിരമായി മര്‍ദ്ദിക്കാറുമുണ്ടായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ പല ഭാഗത്തും മര്‍ദ്ദനമേറ്റ് പരിക്ക് പറ്റിയ പാടുകളുണ്ട്. ഇവര്‍ക്ക് ഒരു വീട്ടു ജോലിക്കാരിയുണ്ട്. എന്നാല്‍ രണ്ട് വയസ്സായ തങ്ങളുടെ ഇളയ മകളെ പരിപാലിക്കാനായിരുന്നു ഇവര്‍ വീട്ടു ജോലിക്കാരിയെ നിയമിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here