ആശാറാം ബാപ്പു കുറ്റക്കാരന്‍

ജോധ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ വിവാദ ആള്‍ദൈവം ആശാറാം ബാപ്പു കുറ്റക്കാരന്‍ എന്ന് ജോധ്പൂര്‍ വിചാരണ കോടതി. ആശാറാം ബാപ്പുവിനൊപ്പം പ്രതികളായ മറ്റ് രണ്ട് പേരും കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

രണ്ട് പേരെ വെറുതെ വിട്ടു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ബാപ്പുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അനുയായികള്‍ കലാപമുണ്ടാക്കിയേക്കാം എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ജയിലിന് സമീപത്തെ കോടതി മുറിയിലാണ് വിധി പ്രസ്താവിച്ചത്.

കേസിലെ ശിക്ഷാവിധി പിന്നീട് ഉണ്ടാകും. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള വകുപ്പുകളാണ് ആശാറാം ബാപ്പുവിനെതിരെ ചുമത്തിയിരിക്കുന്നത്. ആള്‍ദൈവത്തിന്റെ ആസ്തി ഏകദേശം 10,000 കോടിയാണ്. 1970ല്‍ സബര്‍മതിയുടെ തീരത്ത് ഒരു ആശ്രമം സ്ഥാപിച്ച് തുടങ്ങിയ ആശാറാമിന് ഇന്ന് രാജ്യത്തിന് അകത്തും പുറത്തുമായി നാനൂറിലധികം ആശ്രമങ്ങളുണ്ട്.

2013ല്‍ പീഡനക്കേസില്‍ ആശാറാം ബാപ്പു അറസ്റ്റിലായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആശ്രമങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് സ്വത്ത് വിവരങ്ങള്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ മാര്‍ക്കറ്റ് വില കൂട്ടാതെയാണ് ഇത്രയും സ്വത്ത് കണക്കാക്കിയിട്ടുള്ളത്.

ആശ്രമത്തില്‍ ചികിത്സക്കെത്തിയ പെണ്‍കുട്ടിയെയാണ് ആശാറാം പീഡിപ്പിച്ചത്. 2013 ആഗസ്ത് 15നായിരുന്നു സംഭവം. പിന്നീട് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആള്‍ദൈവത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുപ്രീം കോടതിയില്‍ ഉള്‍പ്പെടെ 12 തവണ ആശാറാം ജാമ്യാപേക്ഷ നല്‍കി.

എന്നാല്‍ എല്ലാം തള്ളുകയായിരുന്നു. ആശാറാമിനെതിരെ ബലാല്‍സംഗ കുറ്റത്തിന് പുറമെ പോക്‌സോ നിയമ പ്രകാരവും കേസെടുത്തിരുന്നു. 2013 സെപ്റ്റംബര്‍ ഒന്നിന് അറസ്റ്റിലായ ആശാറാം ബാപ്പു ഇപ്പോള്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here