നിപ്പാ വൈറസ് ; പ്രതിരോധ നടപടികളില്‍ സര്‍ക്കാര്‍

കോഴിക്കോട് :നിപ്പാ വൈറസ് ബാധ പടരുന്ന കോഴിക്കോട്, മലപ്പുറം മേഖലകളില്‍ പ്രതിരോധ നടപടികള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടറുടെ നേതൃതത്തിലുള്ള കേന്ദ്ര സംഘം ഇന്ന് ഉച്ചയോടെ രോഗ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.

മറ്റൊരു കേന്ദ്ര സംഘം നാളെയോടെ എത്തിച്ചേരും. മരണമടഞ്ഞവരില്‍ മൂന്ന് പേരില്‍ നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പേരാമ്പ്രയില്‍ മരണമടഞ്ഞ സഹോദരങ്ങളായ ചങ്ങാരോത്ത് പന്തിരിക്കര സൂപ്പിക്കടയില്‍ മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ് (26), മുഹമ്മദ് സാബിത്ത് (24) , മൂസയുടെ സഹോദരന്റെ ഭാര്യ മറിയം എന്നിവരിലാണ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂസയിലും നിപ്പാ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് സാലിഹിന്റെ ഭാര്യയില്‍ വൈറസ് കണ്ടെത്താനായിട്ടില്ല. ഇവരും പനി ബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണം നടന്ന വീട്ടിലെ കിണറ്റില്‍ നടത്തിയ പരിശോധനയില്‍ മെഡിക്കല്‍ സംഘം വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായും ഇവയെ പുറത്തേക്ക് വരാന്‍ പറ്റാത്ത രീതിയില്‍ അടച്ചിട്ടതായും മന്ത്രി അറിയിച്ചു.

പനി ബാധയെ തുടര്‍ന്ന മരണപ്പെട്ട മറ്റ് ആറു പേരുടെ ശരീരശ്രവങ്ങള്‍ ലബോറട്ടറികളില്‍ പരിശോധിച്ചു വരികയാണ്. വൈകുന്നേരത്തോടെ മാത്രമേ ഇവയുടെ റിസല്‍ട്ട് ലഭ്യമാവുകയുള്ളു. ഇതിന് ശേഷം മാത്രമേ മരണ കാരണം നിപ്പാ വൈറസ് ആണോയെന്ന് സ്ഥിരീകരണം നല്‍കാന്‍ സാധിക്കുകയുള്ളുവെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി. ആശങ്കപെടേണ്ട യാതോരു സാഹചര്യവുമില്ലെന്നും വൈറസ് പടരുന്നത് തടയുവാന്‍ സര്‍ക്കാര്‍ ആവശ്യത്തിന് മുന്‍കരുതലുകള്‍ എടുത്തു കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. സമാനമായ രോഗലക്ഷണങ്ങള്‍ പ്രദേശത്ത് കാണപ്പെടുകയാണെങ്കില്‍ 1056 എന്ന നമ്പറില്‍ വിളിച്ച് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാവുന്നതാണ്. ജില്ലയിലെ എല്ലാ വീടുകളിലും ബോധവത്കരണം നടത്തി വൈറസ് തടയുവാന്‍ ആവശ്യമായ മുന്‍കരുതലുകളെ പറ്റി ലഘുലേഖകള്‍ നല്‍കി വരികയാണ്.

മരണം നടന്ന പേരാമ്പ്ര ഭാഗത്ത് നിന്നും ഭീതിയെ തുടര്‍ന്ന് ഒഴിഞ്ഞു പോയ പ്രദേശവാസികള്‍ ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍ക്കും നടപടികള്‍ക്കും ശേഷം തിരിച്ച് വരാന്‍ തുടങ്ങി. ഇത്തരത്തില്‍ വരുന്നതില്‍ യാതോരു പ്രശ്‌നവുമില്ലെന്നും ശൈലജ ടീച്ചര്‍ ചൂണ്ടിക്കാട്ടി.

ആരോഗ്യ മന്ത്രിയുടെ വാര്‍ത്താ സമ്മേളനം

NEWS 18 KERALA LIVE

ആരോഗ്യമന്ത്രി മാധ്യമങ്ങളോട്

News18 Keralaさんの投稿 2018年5月20日(日)

LEAVE A REPLY

Please enter your comment!
Please enter your name here