രാഷ്ട്രീയ കരുനീക്കങ്ങളില്‍ കര്‍ണ്ണാടക

ബംഗലൂരു :നിയമസഭാ തിരഞ്ഞെടുപ്പിലെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ഭരണം പിടിക്കാന്‍ കച്ച കെട്ടി ഇറങ്ങി രാഷ്ട്രീയ കക്ഷികള്‍. തങ്ങളുടെ എംഎല്‍എമാരെ ഏതു വിധേനയും ഒപ്പം നിര്‍ത്താനുള്ള തീവ്ര ശ്രമങ്ങളിലാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം. 224 ആംഗ നിയമസഭയില്‍ 104 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അധികാരം പിടിക്കാന്‍ ബിജെപിക്ക് 9 അംഗങ്ങളുടെ പിന്തുണ കൂടി വേണം.

എതിര്‍ചേരിയില്‍ അസംതൃപ്തിയിലുള്ള എംഎല്‍എമാരെ ഒപ്പം കൂട്ടി ഏതു വിധേനയും ഭരണത്തിലേറാനുള്ള നീക്കങ്ങളിലാണ് അമിത് ഷായും ബിജെപിയും. എന്നാല്‍ ജെഡിഎസ്സിനും കോണ്‍ഗ്രസിനും തങ്ങളുടെ എല്ലാ എംഎല്‍എമാരേയും പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ 78 എംഎല്‍എമാരില്‍ 44 പേര്‍ മാത്രമേ ഇതുവരെ പാര്‍ട്ടി യോഗത്തിന് എത്തിയുള്ളു എന്നാണ് വിവരം. ബെല്ലാരി മേഖലയിലുള്ള രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ പോലും പാര്‍ട്ടിക്കായിട്ടില്ല. ദൂരദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തുവാന്‍ പ്രത്യേക വിമാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. യോഗത്തിന് ശേഷം തങ്ങളുടെ എംഎല്‍എമാരോടൊപ്പം ഗവര്‍ണ്ണറുടെ വസതിയിലെത്തി തങ്ങളുടെ ശക്തി അറിയിക്കുകയാണ് ജെഡിഎസ്-കോണ്‍ഗ്രസ് നേതൃ തീരുമാനം.

അറിയാവുന്ന കളിയെല്ലാം ബിജെപി കളിച്ചാലും കോണ്‍ഗ്രസ്-ജെഡിഎസ് സംഖ്യം അധികാരത്തില്‍ വരുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍ തന്നെ ഫോണ്‍ ചെയ്തതായി മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ അമരഗൗഡ ലിംഗനഗൗഡ ആരോപിച്ചത് ഇതിനിടെ ഏറെ വിവാദമായിട്ടുണ്ട് .

സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി ജയിച്ച രണ്ടു പേരില്‍ ഒരാള്‍ ബിജെപി നേതാവ് യെഡ്യൂരപ്പയുടെ വീട്ടിലെത്തി പിന്തുണ വാഗ്ദാനം ചെയ്തു. കര്‍ണ്ണാടക പ്രജ്ഞാവന്ത പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ച ആര്‍.ശങ്കറാണ് ബിജെപിക്ക് പിന്തുണ അറിയിച്ചത്. ഇതോടെ ബിജെപിയുടെ അംഗബലം 105 ആയി. ഇതിനിടെ ആറ് ബിജെപിക്കാരും
തങ്ങളുമായി നല്ല ബന്ധത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് എംബി പാട്ടില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here