സ്ത്രീ കിണറ്റില്‍ വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

ആലപ്പുഴ: പേരക്കുട്ടികളെടുത്ത സെല്‍ഫി വീഡിയോയില്‍ അമ്മമ്മ കിണറ്റില്‍ വീഴുന്നത് പതിഞ്ഞു. ആലപ്പുഴയിലാണ് സംഭവം. പേരക്കുട്ടി വീഡിയോ എടുത്ത് കൊണ്ടിരിക്കുന്നതിനിടയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ നിന്ന് സ്ത്രീ വെള്ളമെടുക്കുന്നത് തുടക്കത്തില്‍ കാണാം.

രണ്ട് ആണ്‍കുട്ടികള്‍ കിണറ്റിനടുത്ത് നിന്ന് കളിക്കുന്നുണ്ട്. ഇതില്‍ മൂത്ത കുട്ടിയാണ് വീഡിയോ പകര്‍ത്തിയത്. കുട്ടികള്‍ അമ്മമ്മയേയും വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കിണറ്റിനടുത്ത് നിന്നും പോകാന്‍ പറഞ്ഞ് സ്ത്രീ അവരെ ശാസിക്കുന്നുണ്ട്.

തുടര്‍ന്ന് അവിടെ നിന്നും അല്‍പ്പം മാറി കുട്ടികള്‍ വീഡിയോ എടുക്കുന്നത് തുടര്‍ന്നു. പശ്ചാത്തലത്തില്‍ സ്ത്രീ കിണറ്റില്‍ നിന്നും വെള്ളം എടുക്കുന്നതും കാണാം. തൊട്ടടുത്ത നിമിഷം സ്ത്രീ കിണറ്റിലേക്ക് വീഴുന്ന ദൃശ്യങ്ങളാണ് കാണുന്നത്.

കിണറ്റിലേക്ക് വീഴുന്ന സ്ത്രീ അലറിക്കരയുകയും ഇത് കേട്ട് കുട്ടികള്‍ കരയുന്നതും വീഡിയോയില്‍ കേള്‍ക്കാം. അതേസമയം സ്ത്രീ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here