പ്രൊഫസറായ മകന്‍ അമ്മയെ ടെറസില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി;ദൃശ്യങ്ങള്‍ പുറത്ത്

രാജ്‌കോട്ട് : അസുഖബാധിതയായ അമ്മയെ ബില്‍ഡിംഗിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. ജയശ്രീബെന്‍ വിനോഭായിയെ ക്രൂരമായി വകവരുത്തിയ, മകനും യുവ പ്രൊഫസറുമായ സന്ദീപ് ആണ് പിടിയിലായത്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് നടുക്കുന്ന സംഭവമുണ്ടായത്. കഴിഞ്ഞ സെപ്റ്റംബര്‍ 27 നായിരുന്നു നരഹത്യ. എന്നാല്‍ അമ്മ തങ്ങളുടെ സ്വന്തം കെട്ടിടമായ ദര്‍ശന്‍ അവന്യുവിന്റെ മുകളില്‍ നിന്ന് എടുത്തുചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് മകന്‍ നേരത്തേ മൊഴി നല്‍കിയത്.ഇതേതുടര്‍ന്ന് ആത്മഹത്യയ്ക്ക് കേസെടുത്ത പൊലീസ് വൈകാതെ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആഴ്ചകള്‍ക്കിപ്പുറം ഒരു ഊമക്കത്ത് ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് രഹസ്യമായി അന്വേഷണമാരംഭിച്ചു.തുടര്‍ന്ന് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു. സന്ദീപ് അസുഖബാധിതയായ അമ്മയെ തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസിലേക്ക് പിടിച്ചുനടത്തി കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്.അതായത് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലുള്ള ജയശ്രീബെന്നിന് സ്വന്തമായി നടന്ന് ടെറസിലെത്താന്‍ സാധിക്കില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഏറെ പണിപ്പെട്ടാണ് സന്ദീപ് തന്റെ അമ്മയെ സ്റ്റെപ്പുകളിലൂടെ നടത്തിച്ച് മുകളിലേക്ക് കൊണ്ടുപോയത്. ഈ സംശയത്തില്‍ പൊലീസ് സന്ദീപിനെ ചോദ്യം ചെയ്തു. എന്നാല്‍ സൂര്യപ്രകാശം ഏല്‍പ്പിക്കാനാണ് അമ്മയെ ടെറസിലേക്ക് താന്‍ കൊണ്ടുപോയതെന്നായിരുന്നു ഇയാളുടെ വാദം.എന്നാല്‍ സ്വന്തമായി നില്‍ക്കാനോ നടക്കാനോ സാധിക്കാത്ത ജയശ്രീബെന്‍ എങ്ങനെ ടെറസിലെ രണ്ടരയടി ഉയരമുള്ള മതില്‍ക്കെട്ട് മറികടന്ന് താഴേക്ക് ചാടിയെന്ന ചോദ്യത്തില്‍ സന്ദീപ് കുടുങ്ങി. അമ്മയുടെ രോഗം മൂലം താന്‍ ആകെ ദുരിതത്തിലായെന്നും അതിനാല്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇതോടെ ഇയാള്‍ ഇയാള്‍ സത്യം വെളിപ്പെടുത്തി. ദൃശ്യങ്ങള്‍ കണ്ടെടുക്കാനായതാണ് കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സഹായിച്ചത്.

https://youtu.be/VYhAMB8Y0xY

കൂടുതല്‍ ചിത്രങ്ങള്‍ ….

LEAVE A REPLY

Please enter your comment!
Please enter your name here