സുപ്രധാന പരാമര്‍ശങ്ങളുമായി സത്യവാങ്മൂലം

ന്യൂഡല്‍ഹി : അടുത്ത സുഹൃത്തായ അമ്പിളി തടഞ്ഞില്ലായിരുന്നെങ്കില്‍ ഹാദിയ, ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി യമനില്‍ എത്തുമായിരുന്നുവെന്ന് പിതാവ് അശോകന്‍ സുപ്രീം കോടതിയില്‍. പരമോന്നത കോടതിയില്‍ ഫയല്‍ ചെയ്ത പുതിയ സത്യവാങ്മൂലത്തില്‍ പ്രസ്തുത പരാമര്‍ശമുള്ളതായി റിപ്പോര്‍ട്ടര്‍ ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

തന്റെ മകളെ യമനിലേക്ക് കടത്താനുള്ള ശ്രമം ഇങ്ങിനെയാണ് നടന്നതെന്ന് അശോകന്‍ ചൂണ്ടിക്കാട്ടുന്നു. ഹാദിയയുടെ അടുത്ത സുഹൃത്തായ അമ്പിളിയില്‍ നിന്ന് സമീപ കാലത്താണ് ഇക്കാര്യം അറിയാനായത്. 2015 ല്‍ മലപ്പുറം സ്വദേശിയായ ഷാനിബുമായി നടത്തിയ ഇന്റര്‍നെറ്റ് ചാറ്റിങ്ങിലൂടെയാണ് അഖില ഇസ്ലാം മതത്തില്‍ ആകൃഷ്ടയാകുന്നത്.

ഷാനിബ് തന്റെ മൂത്ത സഹോദരി ഷെറിന്‍ ഷഹാനയെ അഖിലയ്ക്ക് പരിചയപ്പെടുത്തി. ഫാസില്‍ മുസ്തഫയുടെ ഭാര്യയാണ് ഷെറിന്‍ ഷഹാന. ഈ അശയവിനിമയത്തിനിടെ ഫാസില്‍ മുസ്തഫയില്‍ നിന്ന് ഹാദിയയ്ക്ക് രണ്ട് വാഗ്ദാനങ്ങള്‍ ലഭിച്ചു. തന്റെ രണ്ടാം ഭാര്യാ പദവിയും യമനിലേക്ക് യാത്രയും.

മംഗലാപുരത്ത് എത്തുകയാണെങ്കില്‍ യമനിലേക്ക് കൊണ്ടുപോകാം എന്നായിരുന്നു ഫാസിലിന്റെ വാദം. ഇതിനിടെ ഫാസില്‍ മുസ്തഫയും ഷെറിന്‍ ഷഹാനയും ചേര്‍ന്ന് അഖിലയെ എറണാകുളത്ത് കൊണ്ടുപോയി. തുടര്‍ന്ന് ഹാദിയ മുസ്ലിം മതത്തിലേക്ക് മാറിയതായി വ്യക്തമാക്കുന്ന നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്മൂലം തയ്യാറാക്കി.

അഖിലയ്ക്ക് ആസിയ എന്ന പേരാണ് ഈ ദമ്പതികള്‍ ആദ്യം തെരഞ്ഞെടുത്തതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഫാസില്‍ മുസ്തഫയുമായുള്ള ബന്ധത്തെക്കുറിച്ച് അടുത്ത സുഹൃത്തായ അമ്പിളിയോട് അഖില പറഞ്ഞിരുന്നു. എന്നാല്‍ അമ്പിളി ഇത് എതിര്‍ക്കുകയും അവളെ പിന്‍തിരിപ്പിക്കുകയും ചെയ്തു.

ഇതോടെയാണ് ഹാദിയയെ യമനിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതി ഫാസിലും ഷെറിനും ഉപേക്ഷിക്കുന്നത്. പെരിന്തല്‍മണ്ണ പൊലീസിന്റെ അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. ഇവ കേസ് ഡയറിയിലുണ്ട്. ഈ കണ്ടെത്തലിനെ ഹാദിയ ഇതുവരെ എതിര്‍ത്തിട്ടില്ല. ഇക്കാര്യത്തില്‍ തുടരന്വേഷണം നടന്നിട്ടില്ലെന്നും അശോകന്‍ പറയുന്നു.

ഷെറിന്‍ ഷഹാന-ഫാസില്‍ മുസ്തഫ ദമ്പതികളും ആയുള്ള ഹാദിയയുടെ ബന്ധത്തെക്കുറിച്ച് എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും അശോകന്‍ കോടതിയോട് ആവശ്യപ്പെടുന്നു.

2016 ജൂലൈയില്‍ നടത്തിയ രണ്ട് ടെലിഫോണ്‍ സംഭാഷണങ്ങളില്‍ സിറിയയില്‍ ആട് മേയ്ക്കാന്‍ പോകാനുള്ള താല്‍പ്പര്യം ഹാദിയ തന്നോട് അറിയിച്ചിരുന്നു. ഈ സംഭാഷണമോ സിറിയയില്‍ പോകാനുള്ള പദ്ധതിയെയോ ഹാദിയ നിഷേധിച്ചിട്ടില്ലെന്നും അശോകന്‍ വ്യക്തമാക്കുന്നു.

താന്‍ ഹൈക്കോടതിയെ സമീപിച്ചില്ലായിരുന്നെങ്കില്‍ മകളെ എപ്പോഴേ വിദേശത്തേക്ക് കടത്തുമായിരുന്നു.കേരളത്തില്‍ നിന്ന് ഇതിനോടകം നൂറോളം പേര്‍ ഐഎസില്‍ ചേര്‍ന്നതായാണ് കേരള പൊലീസിന്റെ കണ്ടെത്തല്‍ എന്നും അശോകന്‍ അഭിപ്രായപ്പെടുന്നു.

അഭിഭാഷകനായ എ രഘുനാഥ് മുഖേനയാണ് 25 പേജുള്ള സത്യവാങ്മൂലം അശോകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇത് വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കും.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here