കുട്ടിക്കുറുമ്പികളുടെ ചിത്രം വൈറലായതിന് പിന്നില്‍

ചെന്നൈ :ഐപിഎല്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചതോട് കൂടി സമൂഹ മാധ്യമങ്ങളിലും ആരാധകര്‍ ആവേശത്തിമിര്‍പ്പിലാണ്. ഇതിനിടയിലാണ് ഏവരുടെയും കൗതുകവും പുഞ്ചിരിയും നിറച്ച് ഒരു ഐപിഎല്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ കറങ്ങി നടക്കുന്നത്.

താരങ്ങളുടെ ഡ്രസ്സിങ് റൂമില്‍ വെച്ച് രണ്ട് കുട്ടിക്കുറുമ്പികള്‍ നടത്തുന്ന ഗൗരവമേറിയ ചര്‍ച്ചയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളായ ഹര്‍ഭജന്‍ സിങിന്റെ മകള്‍ ഹിനയ ഹീറും സുരേഷ് റെയ്‌നയുടെ മകള്‍ ഗ്രേസിയയുമാണ് ചിത്രത്തില്‍.

https://twitter.com/harbhajan_singh/status/982940993988317185

ഹര്‍ഭജന്‍ സിംഗിന്റെ ഭാര്യ ഗീത ബസ്രയാണ് ഈ ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ‘വികൃതികളായ സിംഹക്കുട്ടികള്‍ അടുത്ത കളിക്കായുള്ള ആസൂത്രണത്തിനിടയില്‍ ‘ എന്നായിരുന്നു ഗീത ചിത്രത്തിന് നല്‍കിയ തലക്കെട്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി അച്ഛന്‍മാര്‍ ഗ്രൗണ്ടില്‍ വിയര്‍ത്തൊലിച്ച് കളിക്കുന്നതൊന്നും ഈ കുട്ടി കാന്താരികള്‍ക്ക് ഒരു വിഷയമേയല്ല. ഡ്രെസിങ് റൂമില്‍ എന്തെങ്കിലും കുസൃതി ഒപ്പിക്കാനുള്ള നീക്കത്തിലാണ് രണ്ട് പേരും. ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഹര്‍ഭജന്‍ സിങ്ങും സുരേഷ് റെയ്‌നയും പിന്നീട് ഈ ചിത്രങ്ങള്‍ റീട്വീറ്റ് ചെയ്തു. നിരവധി രസികന്‍ കമന്റുകളാണ് ഇരുവരുടെയും ചിത്രത്തിന് താഴെ നിമിഷങ്ങള്‍ക്കുള്ളില്‍ വന്ന് നിറഞ്ഞത്. ധോണിയുടെ മകള്‍ സിവ ഈ സമയത്ത്
എവിടെയായിരുന്നുവെന്ന് അന്വേഷിച്ചെത്തുന്നവരേയും കമന്റ ബോക്‌സില്‍ കാണാം.
ആവേശ കാഴ്ച്ചകള്‍ മാത്രം സമ്മാനിച്ചിരുന്ന സ്ഥിരം ഐപിഎല്‍ ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമായി ഈ കുറുമ്പന്‍ ചിത്രത്തോടെയായിരുന്നു ഇത്തവണത്തെ ക്രിക്കറ്റ് ആഘോഷത്തിന്റെ സമൂഹ മാധ്യമങ്ങളിലെ ആരംഭം.

LEAVE A REPLY

Please enter your comment!
Please enter your name here