‘സുഹൃത്തിനെ സംശയമുണ്ട്; ആരോപണമുന്നയിക്കാനില്ല’

പത്തനംതിട്ട : ജെസ്‌ന അവസാനമായി സന്ദേശമയച്ച സുഹൃത്തിനെ സംശയമുണ്ടെന്നും എന്നാല്‍ മുന്‍പില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ആരോപണം ഉന്നയിക്കുന്നില്ലെന്നും സഹോദരന്‍ ജെയ്‌സ്. ഇയാളെ നേരിട്ടുപരിചയമില്ലെങ്കിലും ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ജെയ്‌സ് പറഞ്ഞു.

കുടുംബം നുണപരിശോധനയ്ക്ക് ഒരുക്കമാണെന്നും ജെയ്‌സ് വ്യക്തമാക്കി. ജെസ്‌നയുടെ തിരോധാനത്തില്‍ തനിക്കൊരു പങ്കുമില്ലെന്നും പൊലീസും നാട്ടുകാരും ശല്യം തുടരുകയാണെന്നും ഇയാള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. താന്‍ ജെസ്‌നയുടെ കാമുകനല്ല.

മരിക്കാന്‍ പോവുകയാണെന്ന് അവള്‍ മുന്‍പും സന്ദേശമയച്ചിട്ടുണ്ട്. ഇക്കാര്യം സഹോദരനോട് പറഞ്ഞതുമാണ്. ജെസ്‌നയെ കാണാതായതിന് ശേഷവും ഇക്കാര്യം വീട്ടുകാരെ ധരിപ്പിച്ചിട്ടുണ്ട്. ജെസ്‌നയ്ക്ക് പ്രണയമുണ്ടോയെന്നറിയില്ല. ഈ വിവരങ്ങളെല്ലാം പൊലീസിനോടും പലകുറി പറഞ്ഞതാണ്.

എന്നിട്ടും പൊലീസിന്റെ നിരന്തരമുള്ള ചോദ്യം ചെയ്യല്‍ മാനസിക പീഡനമാണെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ജെസ്‌ന മരിക്കുമെന്ന് സന്ദേശമയയ്ക്കാനും വീട് വിട്ടിറങ്ങിപ്പോകാനുമുള്ള സാഹചര്യമെന്താണെന്ന് അന്വേഷിക്കണമെന്ന് പഞ്ചായത്ത് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here