എച്ച്ഡിഎഫ്‌സി 13 പേരെ പിരിച്ചുവിട്ടെന്ന് പരാതി

തൃശ്ശൂര്‍: ഒരു കാരണവുമില്ലാതെ എച്ച്ഡിഎഫ്‌സി ലൈഫ്, 13 ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി. ബിജോ ജോസ്, ശ്രീനിവാസന്‍ ടികെ, ജിജോ ആന്റണി, ശ്രീജിത്ത്, മിജു, പ്രദീഷ് മോഹന്‍, മെറി ആന്റണി, വിജിത സുധി, റോജന്‍ വര്‍ഗീസ്, പ്രസന്ന കുമാര്‍, ശ്രീലേഷ് പിള്ള, രമേഷ് സ്വാമി, ബാലു അശോക് തുടങ്ങിയവരെയാണ് പിരിച്ചുവിട്ടത്.

കാരണം ഒന്നും പറയാതെയാണ് മാനേജ്‌മെന്റ് നടപടിയെടുത്തതെന്നാണ് ജീവനക്കാരുടെ ആരോപണം. കമ്പനിയില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്ന് അറിയിച്ച് ഒരു ഈ മെയില്‍ അറിയിപ്പിലൂടെയാണ് പിരിച്ചു വിടലുണ്ടായത്.

ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ന്യൂ ജനറേഷന്‍സ് ബാങ്ക്‌സ് ആന്‍ഡ് ഇന്‍ഷുറന്‍സ് സ്റ്റാഫ് അസോസിയേഷന്‍ (എന്‍ജിബിഐഎസ്എ-സിഐടിയു) എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖകള്‍ ഉപരോധിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒരു ശാഖപോലും പ്രവര്‍ത്തിച്ചില്ല. എല്ലാ ജില്ലകളിലും ബാങ്കിന്റെ മുഖ്യശാഖകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു.

വ്യാഴാഴ്ചമുതല്‍ ബാങ്കിന്റെ എല്ലാ ശാഖകളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു. കുറേ മാസങ്ങളായി കമ്പനി ഏകപക്ഷീയമായി പുറപ്പെടുവിച്ച ചില ഉത്തരവുകള്‍ സംഘടന ചോദ്യം ചെയ്തിരുന്നു. സ്ഥാപനത്തിലെ ജോലിക്ക് വേണ്ട വിവരങ്ങള്‍ ശേഖരിക്കാനുള്ള ഇലക്‌ട്രോണിക് യന്ത്രവും ബയോമെട്രിക് ഡിവൈസ് സിസ്റ്റവും ജീവനക്കാര്‍ സ്വന്തം ചെലവില്‍ വാങ്ങണമെന്ന് ഉത്തരവിറക്കി.

ഈ നടപടി ശരിയല്ലെന്നും, സ്ഥാപനം ഉപകരണം വാങ്ങി നല്‍കേണ്ടതുണ്ടെന്നും നിലപാടെടുത്തപ്പോള്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കില്ലെന്നാണ് മാനേജ്‌മെന്റ് സര്‍ക്കുലറിലൂടെ അറിയിച്ചത്. രണ്ട് മാസം ശമ്പളം കൊടുക്കുന്നതിന് തടസ്സമുണ്ടാക്കി. തുടര്‍ന്ന് യൂണിയന്‍ ഇടപെടലിനെത്തുടര്‍ന്നാണ് ശമ്പളം നല്‍കിയത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വീണ്ടും ജീവനക്കാരുടെ ശമ്പളത്തില്‍നിന്നും 1000 രൂപവീതം മാനേജ്‌മെന്റ് പിടിച്ചു.

ഇതില്‍ പ്രതിഷേധിച്ച് സംഘടന കേന്ദ്ര ലേബര്‍ കമീഷണറുടെ മുന്നില്‍ തര്‍ക്കം ഉന്നയിച്ചു. 22 മുതല്‍ പണിമുടക്ക് നടത്തുമെന്ന് നോട്ടീസും നല്‍കി. ലേബര്‍ കമീഷണര്‍ 16ന് ചര്‍ച്ച വിളിച്ചിരിക്കെ ഹാജര്‍ രേഖപ്പെടുത്തുന്നത് മാനേജ്‌മെന്റ് തടസ്സപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ കമ്പനിയുടെ എറണാകുളത്തുള്ള റീജണല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തിയതിനെത്തുടര്‍ന്നാണ് 13 ജീവനക്കാരെ പിരിച്ചുവിട്ടത്.

ഈ ഉത്തരവ് പിന്‍വലിക്കുന്നതുവരെ കേരളത്തിലെ എച്ച്ഡിഎഫ്‌സി സ്ഥാപനങ്ങളുടെ ശാഖകള്‍ ഉപരോധിക്കാന്‍ സംഘടന തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ബുധനാഴ്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. കേട്ടു കേള്‍വിയില്ലാത്ത, നിയമ വിരുദ്ധ ഉത്തരവ് പാലിച്ചില്ലെന്ന് കാരണം മറയാക്കി കൂട്ട പിരിച്ചു വിടല്‍ നടത്തുന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് സംശയിക്കേണ്ടതുണ്ടെന്നാണ് ജീവനക്കാരുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here