തര്‍ക്കം തീര്‍ക്കാന്‍ ഹൈക്കോടതി പേരിട്ടു

കൊച്ചി : മിശ്രവിവാഹതരുടെ മകന് പേരിട്ട് ഹൈക്കോടതി തര്‍ക്കമൊഴിവാക്കി. കുട്ടി തങ്ങളുടെ മതത്തില്‍ വളരണമെന്ന ആവശ്യത്തില്‍ അച്ഛനും അമ്മയും നിര്‍ബന്ധം പിടിച്ചതോടെയാണ് പ്രശ്‌നം കോടതിക്ക് മുന്നിലെത്തിയത്.

ഇതോടെ കോടതി ഇവരുടെ മകന് ജൊഹാന്‍ സച്ചിന്‍ എന്ന പേരുനല്‍കി പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. ജസ്റ്റിസ് എകെ ജയശങ്കര്‍ നമ്പ്യാരുടെ ബഞ്ചിലാണ് ഈ കേസ് പരിഗണനയ്‌ക്കെത്തിയത്.

അഭിനവ് സച്ചിന്‍ എന്ന പേരാണ് അച്ഛന്‍ മകനായി കണ്ടെത്തിയത്. അമ്മ ജൊഹാന്‍ മണി സച്ചിന്‍ എന്ന പേരും നിര്‍ദേശിച്ചു. ഇരുവരും തങ്ങള്‍ നിര്‍ദേശിച്ച പേരില്‍ ഉറച്ചുനിന്നതോടെ വിഷയം കോടതി കയറി.

എന്നാല്‍ ന്യായാധിപന്‍ രണ്ട് പേരുകളും പരിശോധിച്ച് ജൊഹാന്‍ സച്ചിന്‍ എന്ന പേരിടുകായിരുന്നു. ഇത് മാതാപിതാക്കള്‍ അംഗീകരിച്ചു. വിഷയത്തില്‍ ഇവര്‍ ആദ്യം കുടുംബ കോടതിയെയാണ് സമീപിച്ചത്.

എന്നാല്‍ കോടതി കേസ് പരിഗണിക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജനന സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി ആവശ്യമായി വന്നതോടെയാണ് ഇവര്‍ ഹൈക്കോടതി കയറിയത്.

2010 ല്‍ ക്രിസ്ത്യന്‍ മതാചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം. ആദ്യ കുട്ടിക്ക് പേരിടുന്നതില്‍ തര്‍ക്കമുണ്ടായിരുന്നില്ല. ജൊഹാന്‍ സച്ചിന്‍ എന്ന പേരില്‍ എത്രയും വേഗം കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ മുന്‍സിപ്പല്‍ സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here