പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകി

സൗദി: രണ്ട് വര്‍ഷം മുമ്പ് മരിച്ച വീട്ടുജോലിക്കാരിയുടെ മൃതദേഹം നാട്ടിലേക്കയച്ചത് കഴിഞ്ഞ ദിവസം. സൗദിയില്‍ വെച്ച് മരിച്ച പ്രവാസി വീട്ടുജോലിക്കാരിയുടെ മൃതദേഹമാണ് രണ്ട് വര്‍ഷത്തിന് ശേഷം ശ്രീലങ്കയിലേക്ക് അയച്ചത്.

ശ്രീലങ്കന്‍ വംശജയായിരുന്ന സനസി സുപ്പൈയയുടെ മൃതദേഹമാണ് നാട്ടിലെത്താന്‍ വൈകിയത്. പാസ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റ് സിസ്റ്റത്തില്‍ സ്ത്രീയുടെ ശരീര അടയാളങ്ങള്‍ വ്യക്തമാകാതെ വന്നതോടെയാണ് മൃതദേഹം നാട്ടിലേക്ക് അയക്കാതിരുന്നത്. 20 വര്‍ഷമായി സൗദിയിലെ ഒരു വീട്ടില്‍ ജോലിക്കാരിയായിരുന്നു ഇവര്‍.

2015 ഡിസംബറിലാണ് രോഗം ബാധിച്ച സനസിയെ ദമാമിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ജാത സ്ത്രീ എന്ന നിലയിലാണ് ഇവിടെ എത്തിച്ചത്. പേര് വിവരങ്ങള്‍ ഒന്നും ആശുപത്രി രേഖകളിലുണ്ടായിരുന്നില്ല.

തുടര്‍ന്ന് 2015 ഡിസംബര്‍ 25ന് സനസി മരിച്ചു. എന്നാല്‍ ആരും മൃതദേഹം ഏറ്റുവാങ്ങാനെത്തിയില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സനസിയുടെ പാസ്‌പോര്‍ട്ട് കാലാവധി 2000ല്‍ അവസാനിച്ചതായി കണ്ടെത്തിയത്.

അവരുടെ കൈവശ്യം കൃത്യമായ രേഖകള്‍ ഒന്നും തന്നെയില്ലായിരുന്നുവെന്നും കണ്ടെത്തി. വീട്ടുജോലിക്കാരിയുടെ വിസയില്‍ എത്തിയ സ്ത്രീയുടെ റസിഡന്റ്‌സി പെര്‍മിറ്റും മറ്റുരേഖകളും തൊഴില്‍ ഉടമ ശരിപ്പെടുത്തിയിരുന്നില്ല. ഇതും കാര്യങ്ങള്‍ കുഴക്കി.

സാമൂഹിക പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ 2016ല്‍ ശ്രീലങ്കന്‍ എംബസി കാര്യങ്ങള്‍ സനസിയുടെ കുടുംബത്തെ അറിയിച്ചു. രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ഒടുവില്‍ സനസിയുടെ സ്‌പോണ്‍സറെ സൗദി കണ്ടെത്തി. എന്നാല്‍ ഇയാള്‍ മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം നാട്ടിലേക്ക് അയയ്ക്കാന്‍ സൗദി തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here