ഉരുള്‍പൊട്ടലില്‍ മരണം എട്ടായി

താമരശ്ശേരി :കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് കരിഞ്ചോലയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ മരണം എട്ടായി. ഒരു വയസ്സുകാരി റിഫാ ഫാത്തിമയുടെ മൃതദേഹമാണ് ദുരന്ത നിവാരണ സേന കണ്ടെത്തിയത്. കാണാതായ നസ്‌റത്തിന്റെ മകളാണ് നിഫാ.

ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ് കോഴിക്കോടിന്റെ മലയോര മേഖലകളില്‍ ശക്തമായ ഉരുള്‍പൊട്ടല്‍ അനുഭവപ്പെട്ടത്. കാണാതായ 8 പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.48 അംഗ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍. നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്ന് ഒലിച്ചുപോയി. ഹസന്‍, അബ്ദുറഹ്മാന്‍, സലിം എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന് മണ്ണിനടിയിലായി.

ഈ കുടുംബങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍പ്പെട്ട ഭൂരിഭാഗം പേരും. കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ, വേനപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി മേഖല പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ബാലുശ്ശേരി മങ്കയത്തും നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞും മരംവീണും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. മലമുകളില്‍ ഒരു വ്യവസായി അനധികൃതമായി നിര്‍മ്മിച്ച തടയണ കനത്ത മഴയില്‍ ഒലിച്ചു പോയതാണ് വന്‍ ദുരിതത്തിന് കാരണമായത്.

LEAVE A REPLY

Please enter your comment!
Please enter your name here