മെട്രോ ട്രെയിനില്‍ കെട്ടിപ്പിടിച്ചവര്‍ക്ക് സഹയാത്രികരുടെ ക്രൂരമര്‍ദ്ദനം

കൊല്‍ക്കത്ത : കൊല്‍ക്കത്ത മെട്രോയില്‍ ആലിംഗനം ചെയ്ത യുവദമ്പതികള്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം. തിങ്കളാഴ്ച രാത്രിയായിരുന്നു നടുക്കുന്ന സംഭവം. നിഷ്ഠൂരമായ സദാചാര പൊലീസിംഗിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നതിങ്ങനെ. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മെട്രോ ട്രെയിന്‍ യാത്രക്കിടെ യുവതീയുവാക്കള്‍ ആലിംഗനത്തിലേര്‍പ്പെട്ടു. ഈ സമയം അടുത്തിരുന്ന വൃദ്ധന്‍ ഇത് ചോദ്യം ചെയ്തു.

മുറിയെടുത്തോ പാര്‍ക്കില്‍ പോയോ ഇതെല്ലാം ആയിക്കൂടേയെന്നായിരുന്നു വൃദ്ധന്റെ ചോദ്യം. ഇതിന് യുവാവ് കൃത്യമായ മറുപടി നല്‍കുകയും ചെയ്തു. ഇത് വൃദ്ധനെ പ്രകോപിപ്പിക്കുകയും ഇരുവരും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമുണ്ടാവുകയും ചെയ്തു.

വിഷയം ഏറ്റുപിടിച്ച് സഹയാത്രികരും രംഗത്തെത്തി. ഇവര്‍ വൃദ്ധനൊപ്പം അണിനിരന്ന്‌ അസഭ്യവര്‍ഷവും മര്‍ദ്ദനവും ആരംഭിച്ചു. ഡം ഡോം സ്‌റ്റേഷനിലെത്തിയപ്പോള്‍ ഇരുവരെയും യാത്രികര്‍ മെട്രോയില്‍ നിന്ന് പുറത്താക്കി.

തുടര്‍ന്ന് യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചു. യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച യുവതിക്കും ക്രൂരമായി മര്‍ദ്ദനമേറ്റു. അടുത്ത കോച്ചില്‍ നിന്ന് ഓടിയെത്തിയവരാണ് ഇരുവരെയും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

https://twitter.com/iamsumansen/status/991205121492058112

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ആരുടെയും പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here