നാട്ടിന്‍ പുറത്തെ ക്രിക്കറ്റില്‍ ഐസിസിയുടെ ഇടപെടല്‍

ലണ്ടന്‍ :അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളെ നിയന്ത്രിക്കുകയും അവശ്യമെങ്കില്‍ നിയമങ്ങള്‍ മാറ്റി ഭേദഗതികള്‍ വരുത്താനും അധികാരമുള്ള സംഘടനയാണ് ഐസിസി. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ഈ സംഘടനയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ അവസാന വാക്ക്. ലോകത്തില്‍ എവിടെ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ ചിത്രങ്ങളടക്കമുള്ള വാര്‍ത്തകളും ഐസിസിയുടെ പേജില്‍ ഇടം പിടിക്കും.

പഴയ ക്രിക്കറ്റ് താരങ്ങളെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളും അവിസ്മരണീയമായ മത്സരങ്ങളുടെ വാര്‍ത്തകളുമൊക്ക ഈ ഒഫീഷ്യല്‍ പേജുകളിലെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ചൊവാഴ്ച വൈകുന്നേരം തങ്ങളുടെ സമൂഹ മാധ്യമത്തിലെ ആരാധകരെ മൊത്തം അമ്പരപ്പിച്ചിരിക്കുകയാണ് ഐസിസി. പാക്കിസ്ഥാനിലെ ഒരു തെരുവില്‍ വെച്ച് നടന്ന ഒരു സാധാരണ നാടന്‍ ക്രിക്കറ്റ് കളിയുടെ ഒരു ചെറിയ ഭാഗം പോസ്റ്റ് ചെയ്താണ് ഐസിസി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

സംശയത്തോടെ ഈ പോസ്റ്റ് നോക്കിയ ക്രിക്കറ്റ് ഭ്രാന്തന്‍മാരെല്ലാം ഐസിസിയെ വാനോളം പുകഴ്ത്തിയാണ് ഈ പേജില്‍ നിന്നും കളം വിട്ടത്. ഒരു ബാറ്റ്‌സ്മാന്റെ പുറത്താകലില്‍ ചെറിയ സംശയം വന്നതിനെ തുടര്‍ന്ന് ഹംസ എന്നൊരു വ്യക്തി ഇതിന്റെ ദൃശ്യങ്ങള്‍ ഐസിസിക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഐസിസിയാണല്ലോ ഈ നിയമങ്ങളൊക്കെ ഉണ്ടാക്കുന്നത്. അപ്പോള്‍ പിന്നെ പ്രശ്‌നത്തില്‍ അവസാന തീരുമാനമെടുക്കേണ്ടത് ഐസിസി തന്നെയാണെന്ന് ഈ യുവാക്കള്‍ തീരുമാനിച്ചിട്ടുണ്ടാകണം.

ഒരു സ്പിന്‍ ബോളറെ നേരിടാന്‍ ഒരുങ്ങുന്ന ബാറ്റ്‌സ്മാന് സംഭവിക്കുന്ന നിര്‍ഭാഗ്യകരമായ അവസ്ഥയാണ് വീഡിയോയില്‍ ഉള്ളത്. നല്ല സ്പിന്‍ ചെയ്തു വരുന്ന പന്തിനെ ബാറ്റ്‌സ്മാന്‍ ബാറ്റ് കൊണ്ട് ദൂരേക്ക് അടിച്ചു പറത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ക്രീസിന്റെ തൊട്ടടുത്ത് തന്നെ വീണ പന്ത് അതിവേഗത്തില്‍ തിരിഞ്ഞ് കൊണ്ട് സ്റ്റംമ്പിലേക്ക് നീങ്ങി ബാറ്റ്‌സമാനെ ഔട്ടാക്കുന്നു. തുടര്‍ന്ന് ബാറ്റ്‌സ്മാന്‍ തര്‍ക്കിക്കാന്‍ തുടങ്ങുന്നതും ക്രീസില്‍ നിസ്സഹായനായി നില്‍ക്കുന്നതുമാണ് വീഡിയോവിന്റെ ബാക്കി ഭാഗം.

പ്രശ്‌നത്തില്‍ വിധി പറഞ്ഞ ഐസിസി നിയമം 32.1 പ്രകാരം ബാറ്റ്‌സ്മാന്‍ ഔട്ടാണെന്ന തലക്കെട്ടും നല്‍കി വീഡിയോ പോസ്റ്റ് ചെയ്തു. വെറും സാധാരണ നാട്ടിന്‍ പുറത്ത് നടന്ന ഒരു ക്രിക്കറ്റ് മത്സരത്തില്‍ പോലും വിധി പറയാന്‍ തയ്യാറായ ഐസിസിക്ക് നിറയെ അഭിനന്ദന സന്ദേശങ്ങളാണ് വീഡിയോക്ക് താഴെ ഓരോ ആരാധകരും നിറയ്ക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് ഈ വീഡിയോ പ്രചരിക്കപ്പെടുന്നത്.

വീഡിയോ കാണാം

 

LEAVE A REPLY

Please enter your comment!
Please enter your name here