വനിതയെ നാട്ടിലെത്തിക്കാന്‍ പൊലീസ്

തിരുവനന്തപുരം : ഖത്തറിലുള്ള മലയാളി യുവതിയായി മൊബൈലില്‍ സംസാരിക്കവെയാണ് രാജേഷ് ആക്രമണത്തിന് ഇരയായതെന്ന് സുഹൃത്ത് കുട്ടന്റെ മൊഴി. ഇയാള്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ നിന്ന് പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

പ്രസ്തുത യുവതിയാണ് രാജേഷിന്റെ മറ്റൊരു സുഹൃത്തിനെ വിളിച്ച് വെട്ടേറ്റകാര്യം അറിയിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തി. ആക്രമണം നടത്തിയത് ക്വട്ടേഷന്‍ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് വധത്തിന് പിന്നിലെന്നാണ് നിഗമനം.

എന്നാല്‍ ഇവരിലേക്കെത്താനുള്ള തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഖത്തറിലുള്ള യുവതിയെ നാട്ടിലെത്തിക്കാനാണ് പൊലീസ് നീക്കം. ഒരു വര്‍ഷം മുന്‍പ് ദോഹയില്‍ റേഡിയോ ജോക്കിയായി ജോലി നോക്കവെയാണ് യുവതിയെ രാജേഷ് പരിചയപ്പെടുന്നത്.

പള്ളിക്കലില്‍ സ്റ്റുഡിയോ ആരംഭിക്കാന്‍ യുവതി രാജേഷിനെ സഹായിച്ചിരുന്നുവെന്നാണ് വിവരം. രാജേഷുമായുള്ള അടുപ്പത്തെത്തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു. ഇദ്ദേഹത്തിന് സംഭവത്തില്‍ പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

കൊലയാളി സംഘം സഞ്ചരിച്ച വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പലതവണയായി കാര്‍ സ്റ്റുഡിയോയ്ക്ക് സമീപം കറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. അതേസമയം രാജേഷിന്റെ ഫോണ്‍ ലോക്കാണ്. സാങ്കേതിക വിദഗ്ധരെക്കൊണ്ട് ഇത് തുറന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

കൂടാതെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലുമാണ് പൊലീസ്. രാജേഷിന് പതിനഞ്ചോളം വെട്ടുകളേറ്റിട്ടുണ്ട്. കൂടുതല്‍ വെട്ടുകളും കാലുകള്‍ക്കാണ്. കൈക്കും വെട്ടേറ്റിട്ടുണ്ട്. അരയ്ക്ക് മുകളില്‍ മറ്റ് ശരീരഭാഗങ്ങളിലൊന്നും മുറിവേറ്റിട്ടില്ല. രക്തം വാര്‍ന്നായിരുന്നു മരണം.

പൊലീസ് എത്തിയാണ് രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മുഖംമൂടി ധരിച്ചവരാണ് ആക്രമിച്ചതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും രാജേഷ് പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here