നികുതിക്കുരുക്കില്‍ ഷാരൂഖ് വെട്ടില്‍

മുംബൈ :ബിനാമി ഇടപാടുകളിലൂടെ ടാക്‌സ് വെട്ടിച്ച കേസില്‍ ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍ നിയമക്കുരുക്കില്‍. ഷാരൂഖ് ഖാന്റെ ബോംബെയിലെ ആഡംബര ഫാം ഹൗസ് ഇന്‍കം ടാക്‌സ് അധികൃതര്‍ പിടിച്ചെടുത്ത് മുദ്ര വെച്ചു. ഭൂമി അന്യായമായി നികുതി വെട്ടിച്ച് കൈവശം വെച്ചതിനാണ് ഷാരൂഖിനെതിരെ ഇന്‍കം ടാക്‌സിന്റെ നടപടി.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അലിഭാഗിലെ ഷാരൂഖ് ഖാന്റെ ദിജാ വു ഫാം ഹൗസ് മതിയായ രേഖകള്‍ കാണിച്ചില്ലായെങ്കില്‍ മുദ്ര വെക്കും എന്ന് കാണിച്ച് ഇന്‍കം ടാക്‌സ് നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്നത്. ബിനാമി സ്ഥലമിടപാട് നിയമ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.ഈ കത്തിന് 45 ദിവസത്തിനകം ഇന്‍കം ടാക്‌സ് അധികൃതര്‍ക്ക് ഷാരൂഖ് ഖാന് മറുപടി നല്‍കണം. അല്ലെങ്കില്‍ 60 ദിവസത്തിനുള്ളില്‍ കോടതിയെ സമീപിക്കാം. കഴിഞ്ഞ ജനുവരി 24 ന് ഷാരൂഖ് ഖാന് ഉദ്യോഗസ്ഥര്‍ ഈ മെയില്‍ വഴി കത്തും അയച്ചിരുന്നു. എന്നാല്‍ ഇതിനും മറുപടിയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഈ നടപടി.

19,960 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള ഭൂമി ഷാരൂഖ് അലിഭാഗില്‍ ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയതായാണ് ഇന്‍കം ടാക്‌സ് കണ്ടെത്തിയിരിക്കുന്നത്. കൃഷി ആവശ്യങ്ങള്‍ക്ക് എന്ന പേരില്‍ വാങ്ങിയ ഭൂമിയില്‍ ഒരു ഫാം ഹൗസാണ് ഷാരൂഖ് കെട്ടിപ്പൊക്കിയത്.

ദിജാ വു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേരിലാണ് 146.7 മില്ല്യണ്‍ രൂപ വിലയ്ക്ക് ഈ ഭൂമി വാങ്ങിയിരിക്കുന്നത്.ഈ കമ്പനിയുടെ ഉടമകളായ രമേഷ് ചിബ്ബാ, സവിതാ ചിബ്ബാ,നമിതാ ചിബ്ബാ എന്നിവര്‍ ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്റെ അടുത്ത ബന്ധുക്കളാണ്. അതുകൊണ്ട് തന്നെ ഇവരെ ബിനാമികളാക്കി ഷാരൂഖ് തന്നെയാണ് ഈ ഫാം ഹൗസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കൈയ്യാളുന്നതെന്നും ഇന്‍കം ടാക്‌സ് കണ്ടെത്തിയിട്ടുണ്ട്.

ഹെലിപാഡും നീന്തല്‍ കുളവും അടക്കം ഒരു ആഡംബര ഫാം ഹൗസാണ് ഷാരൂഖ് അലിഭാഗില്‍ കെട്ടിയുയര്‍ത്തിയിട്ടുള്ളത്. ഷാരൂഖും ഭാര്യ ഗൗരിയും നേതൃത്വം നല്‍കുന്ന മിക്ക ബോളിവുഡ് പാര്‍ട്ടികളും അരങ്ങേറിയത് ഈ ഫാം ഹൗസിലായിരുന്നു.

കഴിഞ്ഞ നവംബര്‍ തൊട്ടാണ് ഇന്‍കം ടാക്‌സ് അധികൃതര്‍ ഈ ഫാം ഹൗസ് നിരീക്ഷണ വിധേയമാക്കാന്‍ ആരംഭിച്ചത്. കുറ്റം തെളിഞ്ഞാല്‍ മതിയായ പിഴ അടയ്ക്കാത്ത പക്ഷം കിംഗ് ഖാന്‍ ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here