അസഹിഷ്ണുത ഇന്ത്യയെ അസ്ഥിരമാക്കും:പ്രണബ്

ന്യൂഡല്‍ഹി : ഇന്ത്യയെന്നത് ഒരു മതവും ഒരു ജാതിയും ഒരു ഭാഷയുമല്ലെന്ന് ആര്‍എസ്എസ് വേദിയില്‍ ഓര്‍മ്മിപ്പിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ബഹുസ്വരതയാണ് ഇന്ത്യയുടെ മുഖമുദ്ര. മതനിരപേക്ഷതയാണ് ഇന്ത്യന്‍ വിശ്വാസപ്രമാണം. ഏതെങ്കിലും ഒരു തത്വത്തിന്റെയോ, മതത്തിന്റേയോ മേഖലയുടെയോ അടിസ്ഥാനത്തില്‍ ഇന്ത്യയെ നിര്‍വചിച്ചാല്‍ രാജ്യം അസ്ഥിരമാകും.

വിദ്വേഷവും അസഹിഷ്ണുതയും ഇന്ത്യയെ ദുര്‍ബലമാക്കും. ബഹുസ്വരതയാണ് ആഘോഷിക്കപ്പേടേണ്ടെതന്നും അദ്ദേഹം പറഞ്ഞു. നാനാത്വത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമാണ് ഇന്ത്യയുടെ ആത്മാവ്. നൂറ്റാണ്ടുകളിലൂടെ ഏകീകരിക്കപ്പട്ടെതാണ് ഇന്ത്യന്‍ ബഹുസ്വരത. മതേതരത്വമാണ് ഇന്ത്യന്‍ വിശ്വാസം, വിവിധ സംസ്‌കാരങ്ങള്‍ ഇഴചേര്‍ന്നതാണ് രാജ്യം.

ദേശം ദേശീയത ദേശസ്‌നേഹം എന്നിവയെക്കുറിച്ച് പറയാനാണ് താന്‍ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ നിന്നുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടെയാണ് ആര്‍എസ്എസ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെത്തിയത്. ആര്‍എസ്എസ് ആസ്ഥാനത്തെ സംഘ ശിക്ഷ വര്‍ഗ് പാസിങ് ഔട്ട് പരേഡിലാണ് പ്രണബ് പങ്കെടുത്തത്.

എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസിലെ ചില നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കുമെന്ന നിലപാടില്‍ ഉറച്ചുനിന്ന പ്രണബ്, വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി നാഗ്പൂരില്‍ നല്‍കുമെന്നും അറിയിച്ചു.

പ്രണബ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ അദ്ദേഹത്തിന് കത്തയച്ചിരുന്നു.

പ്രണബിന്റെ തീരുമാനം ഞെട്ടിച്ചെന്നായിരുന്നു ബംഗാള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആദിര്‍ ചൗധരി പ്രതികരിച്ചത്. അത്തരത്തില്‍ വിവാദമായതോടെ ഉദ്വേഗത്തോടെയാണ് രാജ്യം അദ്ദേഹത്തിന്റെ പ്രസംഗത്തെ കാത്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here