ലൈംഗിക അതിക്രമത്തെക്കുറിച്ച് പറഞ്ഞ് മോഡല്‍

ഇന്‍ഡോര്‍: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍ഡോറില്‍ നിന്നുള്ള മോഡലും ബ്ലോഗറുമായ യുവതി തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്‍ഡോറിലെ തിരക്കുള്ള റോഡില്‍ വെച്ച് തനിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായെന്ന് യുവതി ട്വീറ്റ് ചെയ്തു.

സ്‌കൂട്ടി ഓടിച്ച് പോവുന്നതിനിടയില്‍ രണ്ട് പുരുഷന്മാര്‍ യുവതിയുടെ പാവാടയില്‍ പിടിച്ച് വലിക്കുകയായിരുന്നു. ഇതിന് അടിയില്‍ എന്താണെന്ന് നോക്കട്ടേ എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ പാവാടയില്‍ പിടിച്ച് വലിച്ചതെന്ന് മോഡല്‍ പറയുന്നു. അവരുടെ അതിക്രമത്തെ തടയാന്‍ ശ്രമിച്ചതോടെ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് യുവതി മറിഞ്ഞ് നിലത്ത് വീണു.

അവിടെ നിന്ന ആരും ഇതിന് എതിരെ പ്രതികരിച്ചില്ല. അതോടെ തന്നെ ആക്രമിച്ചവര്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. താന്‍ വീണ് കിടക്കുന്നത് കണ്ട് സഹായിക്കാന്‍ വന്ന പ്രായമായൊരാള്‍ പറഞ്ഞത് താന്‍ പാവാട ധരിച്ചതുകൊണ്ടാണ് ഇത് സംഭവിച്ചത് എന്നാണ്. താന്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ തന്നെ ആക്രമിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും യുവതി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ പെണ്‍കുട്ടികള്‍ പ്രതികരിക്കാതിരിക്കുന്നതിനെ യുവതി വിമര്‍ശിച്ചു. പ്രതികരിക്കാതിരുന്നാല്‍ എന്ത് ചെയ്യാനുള്ള അധികാരവും അവര്‍ക്കുണ്ടെന്ന ചിന്ത പുരുഷന്മാരിലുണ്ടാകുമെന്നും അതോടെ ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here