മകനെ ക്രൂരമായി കൊലപ്പെടുത്തിയശേഷം മറയ്ക്കാന്‍ ചെയ്തതെന്തെല്ലാമെന്ന് ജയമോളുടെ മൊഴി

കൊട്ടിയം : കൊല്ലത്ത് പതിനാലുകാരനെ ഷോള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മാതാവിന്റെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. 14 കാരനായ ജിത്തുജോബിനെ കൊലപ്പെടുത്തി വീടിന് പുറകിലിട്ട് ചുട്ടുകരിച്ചശേഷം മൃതദേഹം പുരയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ തള്ളാന്‍ ശ്രമിച്ചെന്ന് ജയമോള്‍ പൊലീസിനോട് പറഞ്ഞു. ഒറ്റയ്ക്കായതിനാല്‍ മൃതേദഹം സെപ്റ്റിക് ടാങ്കില്‍ തള്ളാന്‍ സാധിച്ചില്ലെന്നാണ് മൊഴി. മുത്തശ്ശന്റെ വീട്ടില്‍ നിന്ന് മടങ്ങിയെത്തിയ മകനുമായി അടുക്കളയില്‍വെച്ച് വഴക്കുണ്ടായി. തുടര്‍ന്ന് സ്ലാബിന്‍മേലിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ താന്‍ ഷോള്‍ കൊണ്ട് മുറുക്കി കൊലപ്പെടുത്തി.ശേഷം വീടിന് പിറകിലെ മതിലിനോട് ചേര്‍ത്ത് ചകിരിയും ചിരട്ടയും കൂട്ടിയിട്ട് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി. എന്നാല്‍ മൃതദേഹം പൂര്‍ണമായും കത്താത്തതിനാല്‍ വെള്ളമൊഴിച്ച് കെടുത്തി. തുടര്‍ന്ന് പകുതി കത്തിക്കരിഞ്ഞ ശരീരം അടുത്ത പറമ്പിലെ പഴയ ശുചിമുറിയില്‍ തള്ളി. അതിന്റെ സെപ്റ്റിക് ടാങ്കില്‍ നിക്ഷേപിക്കാനായിരുന്നു ലക്ഷ്യം. ഇതിനായി കൊടുവാളെടുത്ത് കൊണ്ടുവന്ന് ടാങ്ക് തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ മൃതദേഹം അവിടെ ഉപേക്ഷിച്ച് വീട്ടിലേക്ക് തിരികെ പോന്നു. രാത്രി എട്ടരയായപ്പോള്‍ ഭര്‍ത്താവ് എത്തി മകനെ അന്വേഷിച്ചു. അപ്പോള്‍ കടയില്‍ സ്‌കെയില്‍ വാങ്ങാന്‍ പോയതാണെന്ന് പറഞ്ഞു.പിന്നെ അവനുവേണ്ടി തിരച്ചില്‍ നടത്തി. പുലര്‍ച്ചെ ആറ് മണിയോടെ മകന്റെ ശരീരം കിടക്കുന്നിടത്ത് വീണ്ടും എത്തി പരിശോധിച്ചു. ശരീരത്തില്‍ നിന്ന് അടര്‍ന്നുവീണ ഭാഗങ്ങള്‍ രാവിലെ തീയിട്ട് കത്തിച്ചെന്നും ഇവര്‍ മൊഴി നല്‍കി. എന്നാല്‍ ഇതെല്ലാം ജയമോള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. കൂട്ടുപ്രതിയുണ്ടോയെന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്. അതേസമയം ജയമോളുടെ മാനസിക പരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്.ജയമോള്‍ ഇടയ്ക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ളതായി ഭര്‍ത്താവും മകളും മൊഴിനല്‍കിയിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here