ഭാര്യയെ തേടി സൈക്കിളില്‍ 600 കിലോമീറ്റര്‍

ജംഷഡ്പൂര്‍ : ഭാര്യയെ കണ്ടെത്താന്‍ 42 കാരന്‍ സൈക്കിളില്‍ താണ്ടിയത് 600 കിലോമീറ്റര്‍. 24 ദിവസമെടുത്ത് 65 ഗ്രാമങ്ങളാണ് മനോഹര്‍ നായക് എന്ന ജാര്‍ഖണ്ഡ് ബലിഗോഡ സ്വദേശി പിന്നിട്ടത്. കാണാതായ അനിതയെ തേടിയുള്ള യാത്രയായിരുന്നു അത്. എന്നാല്‍ ഇത്രയും ദൂരം കുതിച്ചിട്ടും മനോഹറിന് ഭാര്യയെ കണ്ടുകിട്ടിയില്ല.

ഒടുവില്‍ പത്രത്തില്‍ പരസ്യം നല്‍കി. ഇതോടെ പശ്ചിമ ബംഗാളിലെ ഖരഗ്പൂരില്‍ നിന്ന് അനിതയെ തിരികെ ലഭിച്ചു. മാനസികാസ്വാസ്ഥ്യവും സംസാരിക്കുന്നതില്‍ വൈഷമ്യവും അനിതയെ അലട്ടുന്നുണ്ട്. തന്റെ വീടായ കുമ്രസോളില്‍ നിന്ന് ജനുവരി 14 നാണ് അനിതയെ കാണാതായത്.

മകരസംക്രാന്തി ആഘോഷങ്ങള്‍ക്കായി വീട്ടിലെത്തിയതായിരുന്നു യുവതി. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും ഭാര്യ തിരിച്ചെത്താതായതോടെ മനോഹര്‍ തിരക്കിയെത്തി. എന്നാല്‍ അവിടെ നിന്ന് ഭര്‍തൃവീട്ടിലേക്ക് തിരിച്ചെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി.

ഇതോടെയാണ് മുസബാനിയിലെയും ദുമരിയയിലെയും പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുന്നത്. പക്ഷേ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും അവര്‍ക്ക് വിവരമൊന്നും ലഭിച്ചില്ല.

ഇതോടെ മനോഹര്‍ സൈക്കിളുമായി യാത്രയാരംഭിക്കുകയായിരുന്നു. 24 ദിവസം കൊണ്ട് 600 കിലോമീറ്റര്‍ താണ്ടിയിട്ടും ഫലമുണ്ടായില്ല.അങ്ങനെയാണ് പത്രങ്ങളില്‍ പരസ്യം നല്‍കുന്നത്. ഇതോടെ ഖരഗ്പൂരില്‍ ഒരു വഴിയോര ഭക്ഷണശാലയ്ക്ക് സമീപത്തുനിന്ന് ഫെബ്രുവരി 9 ന് അനിതയെ കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here