മാധ്യമ പ്രവര്‍ത്തകന്‍ ട്രക്കിടിച്ച് കൊല്ലപ്പെട്ടു

ഭോപ്പാല്‍ :അനധികൃത മണല്‍ക്കടത്തിനെതിരെ നിരന്തരം അന്വേഷണ പരമ്പര തയ്യാറാക്കി വന്നിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 35 വയസ്സുകാരനായ മാധ്യമ പ്രവര്‍ത്തകന്‍ സന്ദീപ് ശര്‍മ്മയാണ് സംശയാസ്പദമായ നിലയില്‍ ദേശീയ പാതയില്‍ വെച്ച് കൊല്ലപ്പെട്ടത്.

ഒരു സ്വകാര്യ ദേശീയ മാധ്യമത്തിലാണ് ഇദ്ദേഹം ജോലി ചെയ്തു വന്നിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ബൈക്കില്‍ സഞ്ചരിക്കവേ, പുറകെ വന്ന ട്രക്കിടിച്ചായിരുന്നു ഇദ്ദേഹത്തിന്റെ മരണം.

മധ്യപ്രദേശിലെ ബിന്ദ് ജില്ലയില്‍ വെച്ചായായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അപകടത്തില്‍ സന്ദീപ് ശര്‍മ്മ തല്‍ക്ഷണം മരണപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോട് കൂടിയാണ് അപകടം കൊലപാതകമാണോയെന്ന സംശയം ഇരട്ടിച്ചത്.

ഈ പ്രദേശത്തെ മണല്‍മാഫിയകളും പൊലീസ് ഉദ്യോഗസ്ഥന്‍മാരും തമ്മിലുള്ള പല അവിശുദ്ധ ബന്ധങ്ങളും സന്ദീപ് തന്റെ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിലൂടെ അടുത്തിടെ പുറത്ത് കൊണ്ടു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസുകാരില്‍ നിന്നും മണല്‍ ലോബിയില്‍ നിന്നും നിരവധി തവണ ജീവന് ഭീഷണിയും ഇദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

സന്ദീപ് ബൈക്കില്‍ സഞ്ചരിക്കവെ പുറകെ വന്ന ട്രക്ക് മനപ്പൂര്‍വം ബൈക്കിനെ ഇടിച്ചിടുന്നതായാണ് ദൃശ്യങ്ങളില്‍ കാണാനാവുന്നത്. ലോറിയില്‍ ചരക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ലായെന്നതും സംശയം ഇരട്ടിപ്പിക്കുന്നു.

മാധ്യമ പ്രവര്‍ത്തകന്റെ അപകട മരണത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധമാണ് പ്രദേശത്ത് അരങ്ങേറുന്നത്.

കടപ്പാട് :ANI 

LEAVE A REPLY

Please enter your comment!
Please enter your name here