രജനീകാന്ത് ചിത്രം ‘കാലാ’ ഇന്റര്‍നെറ്റില്‍

ചെന്നൈ: റിലീസിങ്ങിന് തൊട്ടുപിന്നാലെ രജനീകാന്ത് ചിത്രം കാലാ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. പുലര്‍ച്ചെ 5.28നാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. റെഡ് ഐ എന്ന അഡ്മിനാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് രജനിയുടെ കാലാ. പാ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമ നടന്‍ ധനുഷും ഭാര്യ ഐശ്വര്യയും ചേര്‍ന്നാണു നിര്‍മിച്ചത്.

ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പോടെയാണ് രജനി എത്തുന്നത്. പതിവ് ബോഡി സ്‌റ്റൈലില്‍ നിന്ന് വ്യത്യസ്തമായാണ് രജനിയുടെ വരവ്. അതേസമയം വിവാദങ്ങള്‍ക്കിടെയാണ് കാലാ ഇന്ന് റിലീസ് ചെയ്തത്. ഫാന്‍സ് ഷോകള്‍ തുടങ്ങി. 2000 തീയറ്ററുകളിലാണ് സിനിമയെത്തിയത്. പ്രതിഷേധം മുന്‍നിര്‍ത്തി തമിഴ്‌നാട്ടില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

അതേസമയം കര്‍ണാടകയില്‍ റിലീസ് അനിശ്ചിതത്വത്തിലാണ്. കാവേരി നദീതര്‍ക്കത്തില്‍ തമിഴ്‌നാടിന് അനുകൂലമായി നിലപാടെടുത്ത രജനീകാന്തിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാണ്. ഇതാണു കാലായ്‌ക്കെതിരെ തിരിഞ്ഞത്. തിയറ്ററുകളില്‍ സുരക്ഷ ഏര്‍പ്പാടാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ചിത്രത്തിനെതിരെ കന്നഡ സംഘടനകള്‍ മുന്നോട്ട് വന്നതിനെ തുടര്‍ന്നാണ് സുരക്ഷയൊരുക്കണമെന്ന് കോടതി പറഞ്ഞത്.

അതിനിടെ കാലയുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് എ.കെ ഗോയല്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹര്‍ജി തള്ളിയത്. എല്ലാവരും ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഇടപെടാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് കെ.എസ് രാജശേഖരനാണ് കോടതിയെ സമീപിച്ചത്. പകര്‍പ്പാവകാശ ലംഘിച്ചുവെന്നായിരുന്നു ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here