സത്യപ്രതിജ്ഞ തിങ്കളാഴ്ച

ബംഗലൂരു :കര്‍ണ്ണാടക മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ജനതാദള്‍ എസ് നേതാവ് എച് ഡി കുമാരസ്വാമി. യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിന് പിന്നാലെ ഗവര്‍ണ്ണറെ കണ്ട് സര്‍ക്കാര്‍ രൂപികരിക്കാനുള്ള അനുമതി വാങ്ങിയതിന് ശേഷമായിരുന്നു കുമാരസ്വാമി മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. അതേ സമയം ബിജെപി യുടെ ഓപ്പറേഷന്‍ കമല തുടരുകയാണെന്നും പക്ഷെ എന്തു വന്നാലും സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കുമെന്നും കുമാരസ്വാമി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക, വന്‍ ആഘോഷമായി തന്നെ ചടങ്ങുകള്‍ നടത്തുവാനാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ തീരുമാനം. മന്ത്രി സ്ഥാനങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നാളെ പൂര്‍ത്തികരിക്കും. മുഖ്യമന്ത്രി സ്ഥാനം ജെഡി എസ്സിനാണെങ്കിലും കൂടുതല്‍ മന്ത്രിമാര്‍ കോണ്‍ഗ്രസിനായിരിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍.

ഉപ മുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസിന് ലഭിക്കും. കോണ്‍ഗ്രസ് നേതാക്കളായ ജി. പരമേശ്വര്‍, ഡി കെ ശിവകുമാര്‍ എന്നിവരുടെ പേരുകളാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. ധന വകുപ്പ് തനിക്ക് വേണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടതായാണ് സൂചനകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മായാവതി, അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു, മമതാ ബാനര്‍ജി തുടങ്ങിയ പ്രമുഖ നേതാക്കളെയെല്ലാം സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here