എല്ലാ കണ്ണുകളും കര്‍ണ്ണാടകയിലേക്ക്

ബംഗലൂരു :കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തെ 40 ഓളം കേന്ദ്രങ്ങളിലായി രാവിലെ 8 മണി മുതലാണ് വോട്ടെണ്ണല്‍.10 മണിയോടെ ജനവിധിയെങ്ങോട്ടെന്നുള്ള ഏകദേശ ചിത്രം ലഭിച്ച് തുടങ്ങും. കഴിഞ്ഞ മെയ് 12 നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 224 മണ്ഡലങ്ങളില്‍ 222 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് പോളിങാണ് രേഖപ്പെടുത്തിയത്. 72.13 ആയിരുന്നു ഇത്തവണത്തെ പോളിംങ് ശതമാനം.

പതിനായിരത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബംഗലൂരുവിലെ ആര്‍ ആര്‍ നഗറിലെയും ബിജെപി സ്ഥാനാര്‍ത്ഥിയായ ബി എന്‍ വിജയകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ജയനഗറിലെയും തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. കേവല ഭൂരിപക്ഷമായ 113 എന്ന മാന്ത്രിക സംഖ്യ സ്വന്തമാക്കുന്ന പാര്‍ട്ടി കന്നഡ നാട് ഭരിക്കും.


ശക്തമായ ത്രികോണ മത്സരത്തിന് തന്നെയാണ് ഇത്തവണ കര്‍ണ്ണാടക സാക്ഷ്യം വഹിച്ചത്. ഭരണ കക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നു പ്രധാന മത്സരം. എന്നിരുന്നാലും പ്രബല പ്രാദേശിക കക്ഷിയായ എച്ച് ഡി ദേവഗൗഡയുടെ ജനതാദള്‍-എസ്സും ശക്തമായി മത്സര രംഗത്തുണ്ടായിരുന്നു.

ദേശീയ രാഷ്ട്രീയത്തിലും സവിശേഷ പ്രാധാന്യമര്‍ഹിക്കുന്ന വോട്ടെടുപ്പാണ് കര്‍ണ്ണാടകയിലേത്. നിലവില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള നാല്  സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണ്ണാടക. പഞ്ചാബ്, പുതുച്ചേരി,മിസോറാം  എന്നിവിടങ്ങളാണ് കോണ്‍ഗ്രസ് അധികാരത്തിലുളള മറ്റ് ഇടങ്ങള്‍. ‘കോണ്‍ഗ്രസ് വിമുക്ത ഭാരതം’ എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന അമിത് ഷായ്ക്കും കൂട്ടര്‍ക്കും മുന്നില്‍ കടുത്ത വെല്ലുവിളിയാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് കര്‍ണ്ണാടകയില്‍ ഉയര്‍ത്തിയത്. രാഹുല്‍ ഗാന്ധി എഐസിസി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പെന്ന നിലയില്‍ കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. ഇന്ധന വില വര്‍ദ്ധനവില്‍ അടക്കമുള്ള മോദി സര്‍ക്കാരിന്റെ നയപരാജയങ്ങളും ദളിത് പീഡനങ്ങളും തങ്ങള്‍ക്ക് വോട്ടായി മാറുമെന്ന ശുഭപ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇരു പാര്‍ട്ടികള്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതിവിശേഷമുണ്ടായാല്‍ ജെഡിഎസിനെ കൂട്ട് പിടിച്ച് അധികാരം ഉറപ്പിക്കാനാവും കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ശ്രമം.

തിരഞ്ഞെടുപ്പിന് ശേഷം പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കൂടുതലും തൂക്കു മന്ത്രിസഭാ എന്ന് വിലയിരുത്തിയതോടെ എല്ലാ കണ്ണുകളും ജെഡിഎസിലേക്ക് ഉറ്റു നോക്കുകയാണ്.

5.6 കോടി വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാന അവകാശം വിനിയോഗിച്ചത്. ഇതില്‍ 2.56 കോടി പുരുഷ വോട്ടര്‍മാരും 2.50 കോടി സ്ത്രീ വോട്ടര്‍മാരുമാണ്. 15.42 ലക്ഷം പേരാണ്. വര്‍ദ്ധിച്ച വോട്ടിംഗ് ശതമാനം തങ്ങള്‍ക്ക് വോട്ടായി മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് മൂന്ന് പാര്‍ട്ടികളും.

LEAVE A REPLY

Please enter your comment!
Please enter your name here