യെദ്യൂരപ്പ സര്‍ക്കാര്‍ പുറത്ത്

ബംഗലൂരു :രണ്ട്  ദിവസം  നീണ്ടു  നിന്ന കടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവെച്ചു. നിയമസഭയില്‍ വിശ്വാസ വോട്ട് തെളിയിക്കാന്‍ വേണ്ട എംഎല്‍എമാരെ തികയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് യെദ്യൂരപ്പയുടെ രാജി.

തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന മെയ് 15 ന് തന്നെ യെദ്യൂരപ്പ മന്ത്രിസഭ ഉണ്ടാക്കാന്‍ അവകാശ വാദം ഉന്നയിച്ച് ഗവര്‍ണ്ണറെ സമീപിക്കുകയായിരുന്നു. 104 സീറ്റുകളായിരുന്നു ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് 113 സീറ്റുകളുടെ അംഗബലം ആവശ്യമായിരുന്നു. എന്നിരുന്നാലും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ വാജുബായി വാല അനുമതി നല്‍കുകയായിരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സാവകാശവും ഗവര്‍ണ്ണര്‍ യെദ്യൂരപ്പയ്ക്ക് നല്‍കി.

കോണ്‍ഗ്രസ്-ജെഡിഎസ് മുന്നണിക്ക് 117 അംഗങ്ങളുടെ പിന്തുണ ഉണ്ടായിരിക്കെ ആയിരുന്നു ഗവര്‍ണ്ണര്‍ യെദ്യൂരപ്പയ്ക്ക് ഈ അനുമതി നല്‍കിയത്. മെയ് 17 ാം തീയ്യതി യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ഗവര്‍ണ്ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് മെയ് 19 ന് വൈകുന്നേരം 4 മണിയ്ക്ക് സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

തുടര്‍ന്ന് എംഎല്‍എമാരെ പണവും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്ത് ഒപ്പം കൂട്ടാന്‍ ബിജെപി നീക്കങ്ങള്‍ ആരംഭിക്കുന്നതായി കോണ്‍ഗ്രസും ജെഡിഎസ്സും ആരോപിച്ചിരുന്നു. തങ്ങളുടെ രണ്ട് എംഎല്‍എമാരെ തട്ടിക്കൊണ്ട് പോയിരിക്കുകയാണെന്ന് വരെ കോണ്‍ഗ്രസ് ആരോപിച്ചു.

വോട്ടെടുപ്പ് നടക്കേണ്ട അവസാന നിമിഷത്തിന് മുന്‍പ് വരെ ആവശ്യത്തിന് വേണ്ട ജനതാദള്‍- കോണ്‍ഗ്രസ് എംഎല്‍എമാരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. ഇതിനെ തുടര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടു മുമ്പ് യെദ്യൂരപ്പ് രാജിവെച്ചത്. വളരെ വികാരപരമായ പ്രസംഗത്തിന് ശേഷമായിരുന്നു നിയമസഭയില്‍ വെച്ച് യെദ്യൂരപ്പയുടെ രാജി. അടുത്ത തിരഞ്ഞെടുപ്പില്‍ 150 സീറ്റുമായി താന്‍ അധികാരത്തിലേറുമെന്നും യെദ്യൂരപ്പ പ്രസംഗത്തില്‍ വ്യക്തമാക്കി. ഇതിന് ശേഷം പ്രതിപക്ഷ നേതൃ നിരയിലുള്ള മുതിര്‍ന്ന നേതാക്കള്‍ക്കടക്കം ഹസ്തദാനം നല്‍കിയായിരുന്നു യെദ്യൂരപ്പയുടെ മടക്കം

LEAVE A REPLY

Please enter your comment!
Please enter your name here