കുടുംബത്തെ കൂട്ടക്കൊല ചെയ്ത കേദല്‍ ജിന്‍സണ്‍ രാജ ഗുരുതരാവസ്ഥയില്‍; പ്രതിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസിലെ വിചാരണ തടവുകാരനായ കേദല്‍ ജിന്‍സണ്‍ രാജയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണ് ഇപ്പോള്‍ കേദല്‍. ഇന്ന് ഉച്ചയോടെ പൂജപ്പുര സെന്റട്രല്‍ ജയിലില്‍ വെച്ചാണ് സംഭവം. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കേദലിന് അപസ്മാരം അനുഭവപ്പെടുകയും ആഹാരം ശ്വാസനാളത്തില്‍ കുടുങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ ഇയാളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. കേദലിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അധികൃതര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. അതേസമയം, ഇയാളുടെ ആരോഗ്യനില തൃപ്തികരമല്ല എന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. 2017 ഏപ്രില്‍ 9നാണ് തലസ്ഥാനത്തെ ഞെട്ടിച്ച് നന്തന്‍കോടുള്ള വീട്ടിനുള്ളില്‍ വെന്തുകരിഞ്ഞ നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റിട്ടേര്‍ഡ് ആര്‍എംഒ ഡോക്ടര്‍ ജീന്‍ പദ്മ, ഇവരുടെ ഭര്‍ത്താവ് റിട്ടേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന കേദല്‍ ഒളിവിലായിരുന്നു. കേദല്‍ മതില്‍ ചാടി പോകുന്നത് കണ്ടവരുമുണ്ട്. ഇതോടെയാണ് സംശയം കേദലിലേക്ക് എത്തിയത്. കാലിന് പൊള്ളലേറ്റ കേദല്‍ ചെന്നൈയില്‍ പോയ ശേഷം മടങ്ങിവന്നപ്പോള്‍ തമ്പാനൂരില്‍ വച്ച് പൊലീസ് പിടികൂടി. മാനസികരോഗമുണ്ടെന്ന് വരുത്താന്‍ ശ്രമിച്ചുവെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കേദല്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here