കെനിയന്‍ യുവതിയെ പീഡിപ്പിച്ച സംഘം അറസ്റ്റില്‍

ഡല്‍ഹി :കെനിയന്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. ഡല്‍ഹിക്കടുത്ത് ഗുരുഗ്രാമില്‍ വ്യാഴാഴ്ച രാത്രി 12 മണിയോട് കൂടിയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഡല്‍ഹിയിലെ ചത്തര്‍പുരയില്‍ നിന്നും ഒരു പാര്‍ട്ടി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കെനിയന്‍ യുവതിയെ സഹായിക്കാനെന്ന വ്യാജേന മൂന്നംഗ സംഘം ചതിയില്‍പ്പെടുത്തി കാറിലേക്ക് കയറ്റുകയായിരുന്നു.

ബ്രിസ്‌റ്റോള്‍ ചൗക്കിലെ ഒരു ചേരിയിലേക്ക് കൊണ്ടു പോയി. ഇവിടെ ഈ സംഘത്തെ കാത്ത് രണ്ട് യുവാക്കള്‍ കൂടി കാത്തു നിന്നിരുന്നു. ശേഷം ഇവിടെ വെച്ച് അഞ്ചംഗ സംഘം കെനിയന്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഇവര്‍ യുവതിക്ക് നേരെ അതിക്രമം നടത്തിയത്.

പീഡനത്തിന് ശേഷം സംഘം യുവതിയെ ഭീഷണിപ്പെടുത്തി ചേരിയില്‍ തന്നെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഈ കാര്യം പൊലീസിനെ അറിയിച്ചാല്‍ കൊന്നു കളയുമെന്നായിരുന്നു സംഘം ഭീഷണി മുഴക്കിയത്. എന്നാല്‍ യുവതി വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ശ്രദ്ധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൂന്ന് യുവാക്കള്‍ പിടിയിലായത്. മറ്റു രണ്ടു പേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here