ചന്ദ്രനില്‍ സ്ഥലമുള്ള പ്രവാസി മലയാളി

അജ്മാന്‍ :ചന്ദ്രനില്‍ ഏക്കറ് കണക്കിന് സ്ഥലമുള്ള ഏക മലയാളിയെന്ന വിശേഷണത്തിന് ഉടമയാണ് ഗള്‍ഫ് പ്രവാസിയായ മണികണ്ഠന്‍ മേലോത്ത്. അജ്മാനില്‍ ബിസിനസ്സുകാരനായ ഇദ്ദേഹത്തിന് ചന്ദ്രനില്‍ വരെ സ്ഥലം ഉണ്ടെന്ന് പറഞ്ഞാല്‍ ഒരു പക്ഷേ ആരും വിശ്വസിക്കില്ല. പക്ഷെ സംഗതി സത്യമാണ്.

10 ഏക്കറോളം പ്രദേശമാണ് ഇദ്ദേഹത്തിന് ചന്ദ്രനില്‍ സ്വന്തമായുള്ളത്. ഒരു ബിസിനസ്സ് പങ്കാളിയാണ് ചന്ദ്രനില്‍ ഇത്രയും സ്ഥലം മേലോത്തിന് സമ്മാനിച്ചത്. ഏരിയ എഫ്-4, ക്വോഡ്രന്‍ഡ് ചാര്‍ളി എന്നാണ് മണികണ്ഠന്‍ മോലോത്തിന്റെ ചന്ദ്രനിലെ സ്ഥലത്തിന്റെ പേര്. രേഖാചിത്രത്തില്‍ ചന്ദ്രന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തായാണ് ഈ സ്ഥലം.സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രമാണവും ഇദ്ദേഹത്തിന്റെ പക്കലുണ്ട്.

സുഹൃത്ത് ആദ്യം ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ കളിയാക്കുകയാണോ എന്നാണ് മണികണ്ഠന്‍ മേലോത്തിന് തോന്നിയത്. എന്നാല്‍ ഇന്റര്‍നെറ്റില്‍ കൂടി അന്വേഷണം നടത്തിയപ്പോഴാണ് ചന്ദ്രനില്‍ സ്ഥലം വാങ്ങാന്‍ സാധിക്കുമെന്ന് ഇദ്ദേഹത്തിന് ബോധ്യം വന്നത്. 2008 ലാണ് ഇദ്ദേഹത്തിന് ഈ സ്ഥലം സമ്മാനമായി ലഭിക്കുന്നത്.

ലൂണാര്‍ എംബസ്സി വഴിയാണ് ചന്ദ്രനില്‍ സ്ഥലം വാങ്ങുവാന്‍ സാധിക്കുക. ഐക്യരാഷ്ട്ര സഭാ, അമേരിക്ക, റഷ്യ എന്നിവയുടെ അംഗീകാരത്തോടെ ഡെന്നീസ് എം ഹോപ് എന്ന വ്യവസായിയുടെ പക്കലാണ് ചന്ദ്രനിലെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം. 1980 ലാണ് ഈ അവകാശം ഇദ്ദേഹം സ്വന്തമാക്കുന്നതും ലൂണാര്‍ എംബസ്സി ആരംഭിക്കുന്നതും.

ഈ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള മൂണ്‍എസ്റ്റേറ്റ്.കോം എന്ന വെബ്ബ്‌സൈറ്റ് വഴിയാണ് ചന്ദ്രനിലെ സ്ഥലമിടപാടുകള്‍ നടക്കുന്നത്. 6,011,311 ആംഗങ്ങള്‍ തങ്ങളുടെ സ്ഥാപനത്തില്‍ അംഗങ്ങള്‍ ആണെന്നാണ് ലൂണാര്‍ എംബസ്സി അവകാശപ്പെടുന്നത്. സ്ഥലം വാങ്ങിച്ചുവെന്നല്ലാതെ ചന്ദ്രനില്‍ പോയി ഇത് നേരില്‍ കാണുവാന്‍ മണികണ്ഠന്‍ മേലോത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

എന്നെങ്കിലും സപെസ് ടൂറിസം എന്ന ആശയം യാഥാര്‍ത്ഥ്യമാവുമ്പോള്‍ തന്റെ സ്വപ്‌നവും സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. കാസര്‍കോട് ജില്ലയിലെ നിലേശ്വരമാണ് മണികണ്ഠന്റെ സ്വദേശം .

LEAVE A REPLY

Please enter your comment!
Please enter your name here