ഷാനു ചാക്കോയെ ജോലിയില്‍ നിന്ന് പുറത്താക്കി

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതി ഷാനു ചാക്കോയെ ജോലിയില്‍ നിന്ന് പുറത്താക്കി. തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന് ദുബൈയിലെ തൊഴില്‍ ഉടമ അറിയിച്ചു. സഹോദരി ഒളിച്ചോടിയെന്നും അച്ഛന് സുഖമില്ലെന്നും കാണിച്ച് എമര്‍ജന്‍സി ലീവിലാണ് ഷാനു നാട്ടിലേക്ക് പോയത്. അടുത്തവര്‍ഷം ജൂലൈ വരെ ഇയാള്‍ക്ക് വിസ കാലാവധിയുണ്ട്.

ഇതിനിടെ ജാമ്യം ലഭിച്ച് ഷാനു തിരിച്ചെത്തിയാല്‍ പോലും ഉടന്‍ വിസ റദ്ദാക്കി നാട്ടിലേക്ക് വിടാനാണ് കമ്പനിയുടെ തീരുമാനം. ഖലീജ് ടൈംസാണ് ഷാനുവിനെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ കമ്പനി തീരുമാനിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം കെവിനെ ചാലിയേക്കര പുഴയില്‍ വീഴ്ത്തി കൊല്ലാനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത് നീനുവിന്റെ പിതാവ് ചാക്കോയാണ്. നീനുവിന്റെ സഹോദരന്‍ ഷാനുവാണ് അക്രമികളെ നയിച്ചത്. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ‘തെന്മലയ്ക്ക് സമീപം ചാലിയേക്കരയില്‍വച്ചു കാറില്‍നിന്ന് കെവിന്‍ ഇറങ്ങിയോടി. അക്രമിസംഘം കെവിനെ പിന്തുടര്‍ന്നു. കെവിന്‍ ഓടുന്നത് വലിയ കുഴിയും അതിന്റെ അപ്പുറം നല്ല ഒഴുക്കും ആഴവുമുള്ള ചാലിയേക്കര ആറും ഉള്ള സ്ഥലത്തേക്കാണെന്ന് ഗുണ്ടാസംഘത്തിന് അറിയാമായിരുന്നു.

പ്രാണരക്ഷാര്‍ഥം ഓടിയ കെവിന്‍ പുഴയില്‍ വീഴുമെന്നും മരിക്കുമെന്നും അറിഞ്ഞുകൊണ്ട്, ഗുണ്ടാസംഘം കെവിനെ പിന്തുടരുന്നത് നിര്‍ത്തി. മുന്നോട്ടോടുന്ന കെവിന്‍ പുഴയില്‍ വീണു മരിക്കുമെന്ന് അറിഞ്ഞു തന്നെയാണ് പ്രതികള്‍ പിന്‍വാങ്ങിയത്’- റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നീനുവിനെ വിവാഹം കഴിക്കാനുള്ള കെവിന്റ ശ്രമം തടയുന്നതിനാണ് ഒന്നാം പ്രതി ഷാനുവും അഞ്ചാം പ്രതി ചാക്കോയും കെവിനെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഗിരീഷ് പി സാരഥി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയുമടക്കമുള്ള കുറ്റങ്ങള്‍ പ്രതികളുടെ മേല്‍ ചുമത്തി.

LEAVE A REPLY

Please enter your comment!
Please enter your name here