കുമ്മനം രാജശേഖരന്‍ ഇനി മിസോറാം ഗവര്‍ണര്‍

ന്യൂഡല്‍ഹി : ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് നിയമന ഉത്തരവില്‍ ഒപ്പുവെച്ചു. ഇതുസംബന്ധിച്ച് രാഷ്ട്രപതി ഭവന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ മാസം 25 ന് നിലവിലെ ഗവര്‍ണര്‍ ലെഫ്റ്റനന്റ് ജനറല്‍ നിര്‍ഭയ് ശര്‍മ കാലാവധി പൂര്‍ത്തിയാക്കുകയാണ്. ഇദ്ദേഹത്തിന് പകരക്കാരനായാണ് കുമ്മനം ചുമതലയേല്‍ക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ നേരത്തേ മിസോറാം ഗവര്‍ണര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ഗവര്‍ണര്‍ പദവിയെന്നാണ് സൂചന.

അദ്ദേഹത്തെ ദേശീയ നേതൃത്വത്തിലേക്കെത്തിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഗവര്‍ണര്‍ സ്ഥാനം നല്‍കിയിരിക്കുന്നത്. നേരത്തേ അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയായും സുരേഷ് ഗോപി, വി മുരളീധരന്‍ എന്നിവരെ രാജ്യസഭാംഗങ്ങളായും ബിജെപി സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുത്തിരുന്നു.

മുന്‍പ് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷനായിരുന്നു കുമ്മനം. 1987 ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പിന്നീട് ആര്‍എസ്എസ് പ്രചാരകനായി.

കഴിഞ്ഞതവണ വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് കെ മുരളീധരനോട് പരാജയപ്പെട്ടു. അന്ന് കുമ്മനം രണ്ടാമതെത്തിയിരുന്നു. കോട്ടയം കുമ്മനം സ്വദേശിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here