കുമ്മനത്തിനെതിരെ മിസോറാമില്‍ പ്രതിഷേധം

ഐസ്വാള്‍: മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത കുമ്മനം രാജശേഖരനെതിരെ പ്രതിഷേധം. പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഐഡന്റിറ്റി സ്റ്റാറ്റസ് ഓഫ് മിസോറാം (പി.ആര്‍.ഐ.എസ്.എം), ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ എന്നീ സംഘടനകളാണ് കുമ്മനത്തിരെ പ്രതിഷേധവുമായി രംഗത്തുവന്നത്.

കുമ്മനം മിസോറാമിന് ചേര്‍ന്ന ഗവര്‍ണറല്ലെന്നും അദ്ദേഹം ആര്‍.എസ്.എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും സജീവ പ്രവര്‍ത്തകനാണെന്നും പി.ആര്‍.ഐ.എസ്.എം ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. രാജശേഖരനെ മാറ്റി ഭേദപ്പെട്ട മനസുള്ള ഒരാളെ ഗവര്‍ണറാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

മിസോറാം തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനില്‍ വെച്ചായിരുന്നു കുമ്മനം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്. ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

സംസ്ഥാനത്തിന്റെ 23ാം ഗവര്‍ണറും രണ്ടാം മലയാളി ഗവര്‍ണറുമാണ് കുമ്മനം രാജശേഖരന്‍. 2011 മുതല്‍ 2014 വരെ വക്കം പുരുഷോത്തമന്‍ ഇവിടെ ഗവര്‍ണറായിരുന്നു. കഴിഞ്ഞ ദിവസമാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായ കുമ്മനം രാജേശഖരനെ മിസോറാം ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചത്.

റിട്ടയേഡ് ലഫ്. ജനറല്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്. അവസാന ശ്വാസം വരെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്ന് ഗവര്‍ണറായി ചുമതലയേറ്റ കുമ്മനം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here